മക്ക - തീര്‍ഥാടകര്‍ക്കായി ആരംഭിച്ച പില്‍ഗ്രിം സര്‍വീസ് പ്രോഗാമിന്റെ ഭാഗമായി നാല്‍പതിലേറെ ചരിത്ര, പുരാവസ്തു കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ഹിജ്‌റ പാത പദ്ധതി അടക്കം ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന മ്യൂസിയങ്ങളും ഇന്ററാക്ടീവ് എക്‌സിബിഷനുകളും പ്രോഗ്രാമിന്റെ ഭാഗമായി സ്ഥാപിക്കും. ഹിജ്‌റ പാത സന്ദര്‍ശിക്കുന്നതിനും വീക്ഷിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കും.
വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാം തയാറാക്കിയത്. മുപ്പതിലേറെ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് തയാറാക്കിയ പ്രോഗ്രാമില്‍ 130 ലേറെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്, ഉംറ തീര്‍ഥാടകര്‍ കടന്നുപോവുകയും ബന്ധപ്പെടുകയും ചെയ്യുന്ന 192 കേന്ദ്രങ്ങളെ കുറിച്ച് പഠനം നടത്തി. നേരത്തെ ഹജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിച്ചവരും അല്ലാത്തവരുമായ, ഇരുപതിലേറെ രാജ്യങ്ങളിലെ 135 നഗരങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലേറെ പേര്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തി.
2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്തുന്നതിന് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഇത് സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ട തീവ്രശ്രമങ്ങളാണ് പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തീര്‍ഥാടകര്‍ക്ക് വിസാ നടപടികള്‍ എളുപ്പമാക്കും. വിദേശങ്ങളിലെ സൗദി എംബസികളെയും കോണ്‍സുലേറ്റുകളെയും സമീപിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി വിസകള്‍ അനുവദിക്കും. സൗദിയിലെ താമസം, യാത്രാ സൗകര്യം, ചരിത്ര-പുരാതന കേന്ദ്രങ്ങള്‍ എന്നിവയെ കുറിച്ച വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും ബുക്കിംഗുകള്‍ നടത്തുന്നതിനും യാത്ര ക്രമീകരിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും സ്ഥാപിക്കും. തിരക്ക് ഒഴിവാക്കുന്നതിനും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അത്യാധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തും. പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ പുരോഗതികള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുടങ്ങാതെ നിരീക്ഷിക്കും.






