Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ രൂപയ്ക്ക് രണ്ടാം ദിവസവും തളര്‍ച്ച

 മുംബൈ- യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞു. 14 പൈസയാണ് ബുധനാഴ്ച ഇടിഞ്ഞത്. ഡോളറിന് 69.83 രൂപയിലെത്തി. ചൊവ്വാഴ്ച ഡോളറുമായുള്ള വിനിമയത്തില്‍ 69.69 രൂപയിലാണ് വ്യാപാരം അവസാനിച്ചിരുന്നത്. വളര്‍ച്ചാ നിരക്കില്‍ ആഗോള ആശങ്കകള്‍ ശക്തമായ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ജപ്പാന്‍ യെന്‍ അടക്കമുള്ള മറ്റു കറന്‍സികളിലേക്ക് തിരിഞ്ഞതാണ് രൂപയടക്കമുള്ള ഏഷ്യന്‍ കറന്‍സികള്‍ക്ക് തിരിച്ചടിയാകുന്നത്. രണ്ടു ദിവസങ്ങളിലായി രൂപയുടെ മൂല്യം 32 പൈസയാണ് ഇടിഞ്ഞത്. വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ആഭ്യന്തര ഓഹരികളുടെ വില്‍പനയുമാണ് രൂപക്കു മേല്‍ സമ്മര്‍ദമായതെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇതിനു പുറമെ ക്രൂഡ് ഓയില്‍ വില വര്‍ധനയും മൂല്യത്തകര്‍ച്ചക്ക് കാരണമായി. പത്ത് വര്‍ഷ ബോണ്ട് മൂന്ന് വര്‍ഷത്തെ താഴ്ന്ന നിരക്കില്‍ എത്തിയതോടെ ആഗോള തലത്തില്‍ യു.എസ് ഡോളറും ജപ്പാന്‍ യെന്നും കരുത്തു കാണിക്കുകയാണ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് വിപണിയില്‍ 69.77 നിരക്കില്‍ തളര്‍ച്ചയോടെയാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 69.99 രൂപയുടെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ രൂപയുടെ വില ഡോളറിന് 69.83 ആയിരുന്നു.
ഇന്ത്യ സ്വീകരിക്കുന്ന ചില നടപടികള്‍ ചൂണ്ടിക്കാട്ടി യു.എസ് ഭരണകൂടം കഴിഞ്ഞ ദിവസം പ്രധാന വ്യാപാര പങ്കാളികളുടെ കറന്‍സി നിരീക്ഷണ പട്ടികയില്‍നിന്ന് ഇന്ത്യന്‍ രൂപയെ മാറ്റിയിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡാണ് ഇങ്ങനെ മാറ്റിയ മറ്റൊരു രാജ്യം. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം എന്നിവയാണ് പട്ടികയില്‍ തുടരുന്ന രാജ്യങ്ങള്‍. ഓഹരി വിപണിയില്‍നിന്ന് വിദേശ സ്ഥാപനങ്ങള്‍ ബുധനാഴ്ച 304.27 കോടി ഡോളര്‍ പിന്‍വലിച്ചുവെന്നാണ് കണക്കാക്കുന്നത്. കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ല.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടാമൂഴം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ രൂപ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത് സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തുന്നു. അടുത്ത വര്‍ഷം ജി.ഡി.പി വളര്‍ച്ച ഏഴ് ശതമാനത്തിനു മുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാമ്പത്തിക രംഗം പ്രതീക്ഷ നല്‍കുന്നതല്ല. വളര്‍ച്ചയില്‍ ഇടിവുണ്ടെന്ന കാര്യം ബി.ജെ.പി സര്‍ക്കാര്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാല്‍ ഉപഭോക്തൃ ചെലവിലെ കുറവടക്കം ചൂണ്ടിക്കാട്ടി പുതിയ സര്‍ക്കാരിനു മുന്നില്‍ കനത്ത വെല്ലുവിളികളാണുള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

 

Latest News