Sorry, you need to enable JavaScript to visit this website.

അബ്ദുല്ലക്കുട്ടി ലക്ഷ്യമിടുന്നത് മഞ്ചേശ്വരം സീറ്റ്; ബി.ജെ.പി നേതാവുമായി ചർച്ച നടത്തി

കണ്ണൂർ - സമൂഹമാധ്യമത്തിലൂടെ മോഡി സ്തുതി നടത്തിയ എ.പി.അബ്ദുല്ലക്കുട്ടിക്ക് പാർട്ടി പരിപാടികളിൽ വിലക്ക്. വിവാദ പ്രസ്താവനയിൽ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടതിനു പിന്നാലെ, അബ്ദുല്ലക്കുട്ടിയെ വിശദീകരണം തേടാതെ തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അതിനിടെ അബ്ദുല്ലക്കുട്ടി ബി.ജെ.പിയിലൂടെ ലക്ഷ്യമിടുന്നത് മഞ്ചേശ്വരം സീറ്റാണെന്ന് ഉറപ്പായി. കർണാടകയിലെ പ്രമുഖ നേതാവായ നളീൻ കുമാർ കട്ടീലുമായി അബ്ദുല്ലക്കുട്ടി ചർച്ച നടത്തിയതായുള്ള അഭ്യൂഹവും പരന്നു കഴിഞ്ഞു. 
അബ്ദുല്ലക്കുട്ടിയെ ഇനി കോൺഗ്രസ് പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് തീരുമാനം. കെ.എസ്.യു അഴീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻകുളത്തു വയലിൽ നടത്താനിരുന്ന പഠന സാമഗ്രികളുടെ വിതരണ ചടങ്ങിൽനിന്നും അബ്ദുല്ലക്കുട്ടിയെ ഒഴിവാക്കി. പകരം ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചത്. 


വാർത്തകൾ വേഗത്തിൽ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


നരേന്ദ്ര മോഡിയെ പുകഴ്ത്തുന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന അബ്ദുല്ലക്കുട്ടിയെ കാരണം ചോദിക്കാതെ തന്നെ പുറത്താക്കണമെന്നാണ് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നിലപാട്. മാത്രമല്ല, മുതിർന്ന നേതാവും കോൺഗ്രസ് വക്താവുമായ രാജ്‌മോഹൻ ഉണ്ണിത്താനും ഇതേ നിലപാടാണ് പ്രഖ്യാപിച്ചത്. അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിലേക്കു കൊണ്ടുവന്നതും സ്ഥാനമാനങ്ങൾ നൽകുകയും ചെയ്തതുതന്നെ തെറ്റായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. 
സി.പി.എം നേതൃത്വവുമായി അഭിപ്രായവ്യത്യാസം നിലനിന്ന കാലത്ത് പത്തു വർഷം മുമ്പ് ഇതേ മോഡി കാർഡിറക്കിയാണ് അബ്ദുല്ലക്കുട്ടി പാർട്ടിയിൽ നിന്നും പുറത്തു പോയത്. കണ്ണൂരിൽ സി.പി.എമ്മിനെ അടിക്കാനുള്ള വടിയെന്ന നിലയിലാണ് കെ.സുധാകരൻ അബ്ദുല്ലക്കുട്ടിയെ കോൺഗ്രസ്സിലേക്കു കൊണ്ടു വന്നത്. തുടർന്ന് സുധാകരൻ എം.പിയായപ്പോൾ രാജിവെച്ച എം.എൽ.എ സ്ഥാനത്തേക്കു സ്ഥാനാർഥിയായി നിശ്ചയിക്കുകയും ചെയ്തു. തുടർന്നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അബ്ദുല്ലക്കുട്ടി കണ്ണൂരിൽനിന്നും വിജയിച്ചു. പിന്നീട് സുധാകരനെ പോലും എതിർത്ത അബ്ദുല്ലക്കുട്ടി പാർട്ടിയിൽ ഒറ്റപ്പെടുകയായിരുന്നു. 
സരിത സംഭവത്തിൽ കുടുംബത്തിനു നേരെ അടക്കം സൈബർ ആക്രമണങ്ങളുണ്ടായതിനെത്തുടർന്ന് ഏതാനും വർഷങ്ങളായി അബ്ദുല്ലക്കുട്ടിയുടെ കുടുംബം മംഗലാപുരത്താണ് താമസിക്കുന്നത്. മംഗലാപുരത്തെ പ്രമുഖ ബി.ജെ.പി നേതാവ് നളീൻകുമാർ കട്ടീലുമായി അബ്ദുല്ലക്കുട്ടി ഇതിനകം രണ്ടു തവണ ചർച്ച നടത്തിയെന്നാണ് വിവരം. കെ.പി.സി.സിയുടെ വിശദീകരണ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ മറുപടി നൽകുമെന്നും, താൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നുമാണ് അബ്ദുല്ലക്കുട്ടി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. 

Latest News