Sorry, you need to enable JavaScript to visit this website.

മോഡിയുടെ സത്യപ്രതിജ്ഞ: ബിജെപിയുടെ വ്യാജ പ്രചാരണത്തില്‍ പ്രതിഷേധിച്ച് മമത പിന്മാറി 

കൊല്‍ക്കത്ത- വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ക്ഷണം സ്വീകരിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാടു മാറ്റി. ഭരണഘടനാപരമായ ക്ഷണമാണിതെന്നു പറഞ്ഞാണ് മമത ഇന്നലെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുമെന്ന് മമത പറഞ്ഞിരുന്നത്. എന്നാല്‍ ബംഗാളില്‍ 54 പേര്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടെന്ന ബിജെപിയുടെ പ്രചാരണത്തില്‍ പ്രതിഷേധിച്ച് ക്ഷണം നിരസിക്കുകയാണെന്ന് മമത അറിയിച്ചു.

ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ 54 പേര്‍ കൊല്ലപ്പെട്ടുവെന്ന ബിജെപിയുടെ പ്രചാരണം മാധ്യമങ്ങളില്‍ ശ്രദ്ധിച്ചു. ഇതു പൂര്‍ണമായും തെറ്റാണ്. ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായിട്ടില്ല. ഈ മരണങ്ങള്‍ വ്യക്തി ശത്രുതയോ കുടുംബ പോരോ മറ്റു തര്‍ക്കങ്ങളോ കാരണമായി ഉണ്ടായതാണ്. ഇവയക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. അതിന് രേഖകളുമില്ല. അതുകൊണ്ട് മോഡിജി, ക്ഷമിക്കണം. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇതെന്നെ നിര്‍ബന്ധിതയാക്കി- മമത പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതു കാരണമാണ് മമത പിന്മാറിയതെന്ന് ബിജെപി പ്രതികരിച്ചു. തെരഞ്ഞെടുപ്പു സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ ബന്ധുക്കളെ ബിജെപി ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതാണ് മമതയെ പിന്തിരിപ്പിച്ചതെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.
 

Latest News