വീട്ടിലെത്തിയ നേതാക്കളെ കാണാന്‍ രാഹുല്‍ വിസമ്മതിച്ചു

ന്യൂദല്‍ഹി- പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ അദ്ദേഹത്തെ നേരിട്ട് കാണാനെത്തിയ ഉന്നത കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ രാഹുല്‍ വിസമ്മതിച്ചു. ഇവരുമായി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ച രാഹുല്‍ പ്രിയങ്കയെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. നേതാക്കളുമായി പ്രിയങ്ക ചര്‍ച്ച നടത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ്, എഐസിസ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും കാണാന്‍ രാഹുല്‍ വിസമ്മതിച്ചെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 

രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ പകരം മറ്റൊരാളെ കണ്ടെത്തുന്നതും വരെ പദവിയില്‍ തുടരാമെന്ന് സമ്മതിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷനായി ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ള ഒരാള്‍ വരണമെന്ന നിലപാടിലാണ് രാഹുലെന്ന് പാര്‍ട്ടി വൃത്തങ്ങല്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ജോലിയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ രാഹുല്‍ ഒരു മാസത്തെ സമയാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. എന്നാല്‍ ഇതിനുമപ്പുറം പോകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ജൂണ്‍ ആദ്യവാരത്തിലാണ് നടക്കുന്നത്. രാഹുല്‍ എന്തു ചുമതലാണ് വഹിക്കാന്‍ പോകുന്നതെന്ന് ഈ യോഗത്തില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. അധ്യക്ഷ പദവിയില്‍ നിന്ന് മാറാന്‍ തീരുമാനിച്ചെങ്കിലും പാര്‍ലമെന്റില്‍ പാര്‍ട്ടിയെ നയിക്കുന്നതിനോട് രാഹുലിന് വിയോജിപ്പിച്ചെന്നാണ് സൂചന. അതേസമയം പാര്‍ലമെന്റില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശശി തരൂര്‍ വന്നേക്കുമെന്നും റിപോര്‍ട്ടുണ്ട്. പാര്‍ട്ടി ചുമതലയേല്‍പ്പിച്ചാല്‍ ഏറ്റെടുക്കുമെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവെക്കരുതെന്ന് പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നിവരും രാഹുലിനോട് തുടരാന്‍ ആവശ്യപ്പെട്ടു. അനുനയന ശ്രമങ്ങളുമായി സഹോദരി പ്രിയങ്കയും അമ്മയും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധിയും കഴിഞ്ഞ ദിവസം രാഹുലിനെ കണ്ടിരുന്നു.

Latest News