Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രിസഭ: മോഡിയും അമിത് ഷായും അഞ്ച് മണിക്കൂര്‍ ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ചൊവ്വാഴ്ച അഞ്ച് മണിക്കൂറോളം ചര്‍ച്ച നടത്തി. നാളെയാണ് സത്യപ്രതിജ്ഞ. അമിത് ഷാ മന്ത്രിസഭയില്‍ ചേരുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും അഭ്യൂഹം മാത്രമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായി തുടരണമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ അമിത് ഷാ തുടരണമെന്നാണ് അവരുടെ വാദം.
വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന രണ്ടാം മോഡി മന്ത്രിസഭയില്‍ സ്ഥാനപ്രതീക്ഷകളോടെ കഴിയുകയാണ് എന്‍.ഡി.എ.യുടെ സഖ്യകക്ഷികള്‍. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായിരിക്കും അന്തിമതീരുമാനമെടുക്കുക. പ്രധാനമന്ത്രിക്കൊപ്പം വിപുലമായ മന്ത്രിസഭയും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന.
മന്ത്രിസഭയില്‍ ബി.ജെ.പി.ക്കായിരിക്കും മുന്‍തൂക്കമെങ്കിലും സഖ്യകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച പശ്ചിമ ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് ഇക്കുറി മികച്ച പ്രാതിനിധ്യമുണ്ടാകും. മുന്‍ ടി.എം.സി. നേതാവ് മുകുള്‍ റോയിയെ പ്രധാന വകുപ്പോടെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
മന്ത്രിമാര്‍ ആരൊക്കെയെന്നതുസംബന്ധിച്ച് ബുധനാഴ്ച വൈകിട്ടോടെ ധാരണയുണ്ടാകുമെന്ന്  ബി.ജെ.പി. നേതാക്കള്‍ സൂചിപ്പിച്ചു.
ആര്‍.എസ്.എസ്. ദേശീയനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം.
സഖ്യകക്ഷികളായ ശിവസേന, ജെ.ഡി. (യു), എല്‍.ജെ.പി., ശിരോമണി അകാലിദള്‍, അപ്നാ ദള്‍, എന്നിവക്കു പുറമെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളേയും പരിഗണിക്കും.
ജെ.ഡി. (യു)വിന് ഒരു കാബിനറ്റ് മന്ത്രിപദവും ഒരു സഹമന്ത്രിസ്ഥാനവും ലഭിക്കാനാണ് സാധ്യത. ആര്‍.സി.പി. സിങ്, രാജീവ് രഞ്ജന്‍ സിങ്, രാജ്യസഭാംഗം രാം ചന്ദ്ര പ്രസാദ് സിങ് എന്നിവരെയാണ് കാബിനറ്റ് പദവിയിലേക്ക് ജെ.ഡി. (യു) പരിഗണിക്കുന്നത്.
ബിഹാറില്‍ മത്സരിച്ച 17 സീറ്റുകളില്‍ പതിനാറിലും ജയിച്ച ജെ.ഡി. (യു) ബിഹാറിനു പ്രത്യേകപദവി എന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്്.
ശിവസേന ഇക്കുറി രണ്ടു മന്ത്രിപദം ചോദിക്കുന്നുണ്ട്.  നിലവിലെ മന്ത്രിസഭയില്‍ ഒരു കാബിനറ്റ് മന്ത്രിപദമാണ് ഉണ്ടായിരുന്നത്. ലോക്‌സഭാംഗങ്ങളായ പ്രതാപ് ജാധവ്, രാജന്‍ വിചാരെ, ഭാവനാ ഗാവ്‌ലി, വിനായക് റൗത്ത്, അരവിന്ദ് സാവന്ത്, രാജ്യസഭാംഗങ്ങളായ അനില്‍ ദേശായി, സഞ്ജയ് റാവത്ത് തുടങ്ങിയവരാണ് ശിവസേനയുടെ പരിഗണനാ പട്ടികയിലുള്ളത്.
ലോക് ജനശക്തി പാര്‍ട്ടിയുടെ പ്രതിനിധി രാം വിലാസ് പസ്വാന്‍തന്നെ ആയിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മകന്‍ ചിരാഗ് പസ്വാനായിരിക്കും മന്ത്രിയെന്ന് നേരത്തേ രാം വിലാസ് പസ്വാന്‍ പറഞ്ഞിരുന്നുവെങ്കിലും നിലപാട് മാറ്റിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന പസ്വാന്‍ രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തും.

 

Latest News