Sorry, you need to enable JavaScript to visit this website.

ഐഎസ് ബന്ധമുള്ള 450 ഫ്രഞ്ച് പൗരന്മാരെ സിറിയയില്‍ പിടികൂടിയെന്ന് ഫ്രാന്‍സ്

പാരിസ്- ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ഫ്രഞ്ച് പൗരന്മാരായ 450ഓളം പേരെ വടക്കു കിഴക്കന്‍ സിറിയയില്‍ കുര്‍ദുകള്‍ പിടികൂടിയതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി അറിയിച്ചു. ഇവരെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടുന്ന ഇവരില്‍ ചിലരെ ജയിലില്‍ അടച്ചിരിക്കുകയാണെന്നും മന്ത്രി ഴാങ് യെസ് ലെ ദ്രിയാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ഇവരില്‍ അനാഥകളായ കുട്ടികളെ മാത്രമെ അവരുടെ അമ്മമാരുടെ സമ്മതത്തോടെ തിരിച്ചെത്തിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള മുതിര്‍ന്നവര്‍ സിറിയയിലെ നിയമമനുസരിച്ച് കോടതിയില്‍ വിചാരണ നേടരിടണമെന്നാണ് ഫ്രാന്‍സിന്റെ നിലപാട്. ഇതില്‍ മാറ്റമില്ലെന്നും അവരുടെ കുറ്റകൃത്യത്തിനനുസരിച്ചുള്ള ശിക്ഷ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഐഎസില്‍ ചേര്‍ന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം ഒരു ഇറാഖി കോടതി രണ്ടു ഫ്രഞ്ച് പൗരന്മാരെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇതുവരെ ഐഎസ് ബന്ധത്തിന്റെ പേരില്‍ ആറു ഫ്രഞ്ചുകാരെയാണ് വധശിക്ഷയ്ക്കു വിധിച്ചത്.

ഇറാഖില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒരു ഫ്രഞ്ച് യുവതിയുടെ മൂന്നു വയസ്സുകാരി മകളെ അമ്മയുടെ സമ്മതത്തോടെ ഫ്രാന്‍സില്‍ തിരിച്ചെത്തിച്ചിരുന്നു. കൂടാതെ അനാഥകളായ മൂന്ന് ഫ്രഞ്ച് കുട്ടികളേയും തിരിച്ചെത്തിച്ചിട്ടുണ്ട്.

സിറിയയില്‍ ഇപ്പോഴും ഐഎസിന് സ്വാധീനമുള്ള ഇദ്‌ലിബില്‍ ഇപ്പോഴും നൂറോളം ഫ്രഞ്ചുകാര്‍ ഐഎസിനൊപ്പമുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. ഇവിടെ സിറയന്‍ സേന നിരന്തരം ബോംബാക്രമണം നടത്തി വരികയാണ്.
 

Latest News