നഗ്നചിത്രം പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ സ്ത്രീയുടെ പരാതി

ഗുഹാവത്തി- ആദിവാസി സ്ത്രീയുടെ നഗ്‌ന ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തില്‍. യോഗി ആദിത്യനാഥിനും ബിജെപിയുടെ തേസ്പൂര്‍ എംപി രാം പ്രസാദ് ശര്‍മ്മക്കുമെതിരെ  ആദിവാസി സ്ത്രീ പരാതി നല്‍കി. അസം ബിശ്വനാഥ് ജില്ലയില്‍നിന്നുള്ള ലക്ഷ്മി ഓറങ്ക് ആണ് പരാതി നല്‍കിയത്. യുവതിയെ നഗ്‌നയാക്കി മര്‍ദിക്കുന്ന ചിത്രം യോഗി ആദിത്യനാഥിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് പ്രചരിപ്പിക്കുകയായിരുന്നു. ചിത്രം ഷെയര്‍ ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. 95,000 പേര്‍ പിന്തുടരുന്ന അക്കൌണ്ടില്‍ നിന്നാണ് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
ബിശ്വനാഥ് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ യുവതി പരാതി നല്‍കി. ബംഗാളില്‍ ബിജെപിക്കും നരേന്ദ്രമോഡിക്കും അനുകൂലമായി മുദ്രാവാക്യം മുഴക്കിയ ഹിന്ദു യുവതിയെ നഗ്‌നയാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നുവെന്ന വിവരണത്തോടെയാണ് ചിത്രം പ്രചരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം ലോകത്തോട് വെളിപ്പെടുത്തുക എന്ന ആഹ്വാനവും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
പത്ത് വര്‍ഷം മുമ്പ് ഗുഹാവത്തിയില്‍ നടന്ന സംഭവത്തിന്റെ ചിത്രമാണ്  പ്രചരിപ്പിച്ചത്. ആള്‍ ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് അസം നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഗുഹാവത്തിയില്‍ എത്തിയ യുവതിയെ ഒരുകൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു.
പോസ്റ്റിനെ പിന്തുണച്ച രാം പ്രസാദ് ശര്‍മയും ചിത്രം പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്നതും അപമാനകരവുമായ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആള്‍ ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് അസം ഞായറാഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി അസം ഡിജിപി മുകേഷ് സഹായ് അറിയിച്ചു.

Latest News