മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി; കൂട്ടുനിന്നത് അധ്യാപകര്‍

തലശ്ശേരി- വിവാഹ വാഗ്ദാനം നല്‍കി രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ യുവാവായ ഡോക്ടര്‍ പലയിടങ്ങളില്‍ താമസിപ്പിച്ച് മാനഭംഗപ്പെടുത്തിയതായി പരാതി. കൂട്ടുനിന്നത് അധ്യാപകരെന്നും പരാതിയില്‍ പറയുന്നു.  
പാനൂര്‍ പാറാട്ടും, വെള്ളാച്ചേരിയിലും മദേര്‍സ് ക്ലിനിക് നടത്തി വരുന്ന ചക്കരക്കല്ലിലെ ഡോ.തേജസ് വിനോദിനെതിരെ വിദ്യാര്‍ഥിനി ജില്ലാ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. കടയന്നൂര്‍ എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.വിനോദ് കുമാറിന്റെയും, മമ്പറം യു.പി സ്‌കൂള്‍ അധ്യാപിക സുധയുടേയും അറിവോടെയും ഒത്താശയോടെയുമാണ് തേജസ് വിനോദ് മാസങ്ങളോളം മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. നെറ്റില്‍ മാട്രിമോണിയല്‍ പരസ്യത്തിലൂടെ പരിചയപ്പെട്ട ഇരുവരും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് 23 ന് പാലക്കാട് അലൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കല്യാണ നിശ്ചയം നടത്തി. അതിന് ശേഷം ഡോ.തേജസ് വിനോദ് 2018 ഡിസംബറില്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചും, പിന്നീട് ഇയാളുടെ വീട്ടില്‍ വെച്ച് മാതാപിതാക്കളുടെ അനുവാദത്തോടെ താമസിപ്പിച്ചും മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നുവത്രെ. തുടര്‍ന്ന് 2019 മാര്‍ച്ച് 2ന് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. മാര്‍ച്ച് 6 ന് പ്രതികള്‍ പാലക്കാട് ഡിവൈ.എസ്.പി മുമ്പാകെ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഏപ്രില്‍ 29ന് കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹം നടത്താന്‍ സമ്മതമാണെന്നറിയിച്ചതോടെ പരാതി രാജിയായി. വിവാഹം കഴിഞ്ഞ് വൈകീട്ട് ചക്കരക്കല്‍ ഏച്ചൂര്‍ പാലേരിച്ചാലിലെ ഭര്‍തൃഗൃഹത്തിലെത്തിയെങ്കിലും ഭര്‍ത്താവ് മുറി തുറന്ന് നല്‍കിയില്ല. അതിനിടെ 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചു വാങ്ങുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പെണ്‍കുട്ടിയോടുള്ള മോശമായ സമീപനത്തെ ചോദ്യം ചെയ്തു. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ചക്കരക്കല്‍ പോലീസെത്തി. സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് നവവധുവും കുടുംബവും നാട്ടിലേക്ക് തിരിച്ചു പോയി. ആഭരണം ഭര്‍തൃവീട്ടുകാര്‍ തിരിച്ചു നല്‍കിയില്ല. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കെതിരെ ബലാല്‍സംഗം, പ്രേരണാ കുറ്റം, സത്രീപീഡനം എന്നിവ ചുമത്തി കേസെടുത്തു. ഇതേത്തുടര്‍ന്ന് മൂന്ന് പ്രതികളും മുങ്ങി നടക്കുകയാണ്. പ്രതികള്‍ തലശ്ശേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് കോടതി പരിഗണിക്കും.

 

 

Latest News