Sorry, you need to enable JavaScript to visit this website.

മസാല ബോണ്ട് എസ്.എൻ.സി ലാവ്‌ലിനെ  സഹായിക്കാനാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം- മസാല ബോണ്ട് എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയെ സഹായിക്കാനാണെന്ന് നിയമസഭയിൽ പ്രതിപക്ഷം. മാസാല ബോണ്ട് ഏറ്റവും കൂടുതൽ വാങ്ങിയത് എസ്.എൻ.സി ലാവ്‌ലിന് നീക്ഷേപമുള്ള സി.ഡി.പി ക്യുവാണ്. ലാവ്‌ലിന്റെ പ്രതിരൂപമാണ് സി.ഡി.പി.ക്യു. കിഫ്ബി മസാല ബോണ്ട് കേരളത്തെ കടക്കെണിയിലാക്കുമെന്ന് കെ.എസ്.ശബരിനാഥൻ പറഞ്ഞു. മാസാല ബോണ്ടിനെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥൻ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്മേൽ നടന്ന പ്രത്യേക ചർച്ചയിലാണ് മസാല ബോണ്ടിനെക്കുറിച്ചുള്ള ആരോപണം മറനീക്കി പുറത്ത് വന്നത്. മസാല ബോണ്ടിൽ നിറയെ അവ്യക്തതയാണ്. 2150 കോടി രൂപയാണ് കിഫ്ബി മസാല ബോണ്ട് വഴി സ്വരൂപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഇതുവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ഉയർന്ന പലിശനിരക്കായ 9.723 ശതമാനത്തിനാണ് ബോണ്ടുകൾ വിറ്റഴിക്കുന്നത്. പ്രതിവർഷം 210 കോടി രൂപ പലിശ നിരക്കിൽ നൽകേണ്ടതായി വരും. ഇത് കേരള ജനതയെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടും. കിഫ്ബി വഴി 12,240 കോടിരൂപ ചെലവഴിച്ച് കണ്ണൂർ ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കാനുള്ള തീരുമാനം മറച്ചുവെച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു. 
ലണ്ടനിൽ മണിയടിപ്പിച്ച് മസാല ബോണ്ടിന്റെ ഉദ്ഘാടനം നടത്തിച്ചത് മുഖ്യമന്ത്രിയെ കബളിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തെ തന്നെ ക്യൂബ പ്രവിശ്യയിൽ പ്രൈവറ്റ് ഇഷ്യു ചെയ്ത് ബോണ്ട് വിറ്റിരുന്നു കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മുഖ്യമന്ത്രിയുടെ മണിയടി. എനിക്ക് കരിയറിൽ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയതെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നര ലക്ഷം കോടി രൂപയാണ് നിലവിലെ കേരളത്തിന്റെ കടമെന്നും മസാലബോണ്ട് വഴി അമ്പതിനായിരം കോടി കൂടിയാകുമ്പോൾ രണ്ട് ലക്ഷമാകും. കടം എങ്ങനെ തീർക്കുമെന്ന് വ്യക്തമാക്കണമെന്ന് പി.സി.ജോർജ് ആവശ്യപ്പെട്ടു. എൻ.ഡി.എ സർക്കാർ നവറിബലിസം കൊണ്ടു വന്നപ്പോൾ കളിയാക്കിയ മാർക്‌സിസറ്റ് പാർട്ടി ഇപ്പോൾ ആ വഴിക്ക് നീങ്ങിയതിൽ സന്തോഷമുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു. 
എന്നാൽ കടം വാങ്ങി വികസനം നടത്തുന്നതിൽ തെറ്റില്ലെന്ന് ചർച്ചക്ക് മറുപടി നൽകിയ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പലിശ കൊടുത്താലെ പണം കിട്ടൂ. ഇപ്പോൾ കടം വാങ്ങി വികസനം നടത്തിയില്ലെങ്കിൽ ഇന്നത്തെ വികസനം 20 വർഷം കഴിഞ്ഞേ നടപ്പിലാക്കാൻ സാധിക്കൂ. അന്ന് നിർമ്മാണ ചെലവ് ഇരട്ടിയാകും. കിഫ്ബി മസാല ബോണ്ടിനെ സംബന്ധിച്ചുള്ള രേഖകൾ ആർക്കും പരിശോധിക്കാവുന്നതാണെന്നും തോമസ്‌ഐസക്ക് പറഞ്ഞു. തുടർന്ന് ശബരിനാഥ് പ്രമേയം പിൻവലിച്ചു.

Latest News