റിയാദ് - ദക്ഷിണ അതിർത്തിയിൽ 14 സഹപ്രവർത്തകരുടെ ജീവൻ രക്ഷിച്ച സൈനികന് പ്രളയത്തിൽ പെട്ട് വീരമൃത്യു.
യെമൻ അതിർത്തിയിൽ സേവനമനുഷ്ഠിച്ചിരുന്ന ക്യാപ്റ്റൻ ആദിൽ അൽജിബ്‌രീൻ ആണ് വീരമൃത്യു വരിച്ചത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ആരിദയിൽ അതിർത്തിക്കു സമീപം സുരക്ഷാ പോസ്റ്റ് വെള്ളത്തിൽ മുങ്ങുകയായിരുന്നു. സൈനിക പോസ്റ്റിൽ വെള്ളം കയറുന്നത് ശ്രദ്ധയിൽ പെട്ട ക്യാപ്റ്റൻ ആദിൽ അൽജിബ്‌രീൻ സൈനിക പോസ്റ്റ് എത്രയും വേഗം ഒഴിഞ്ഞ് സുരക്ഷിതമായ ഉയർന്ന പ്രദേശത്തേക്ക് മാറാൻ സഹപ്രവർത്തകർക്ക് നിർദേശം നൽകി.
ഇതിനു ശേഷം അവസാനത്തെ ഫീൽഡ് പരിശോധന പൂർത്തിയാക്കുന്നതിന് സമീപത്തെ താഴ്‌വരയിലേക്ക് പോയ ക്യാപ്റ്റൻ ആദിൽ അൽജിബ്‌രീൻ സഞ്ചരിച്ച സൈനിക വാഹനം ശക്തമായ ഒഴുക്കിൽ പെട്ട് മറിയുകയും ഉദ്യോഗസ്ഥൻ മുങ്ങിമരിക്കുകയുമായിരുന്നെന്ന് പിതൃസഹോദര പുത്രൻ മേജർ തായിസ് അൽജിബ്‌രീൻ പറഞ്ഞു.