രാഹുൽ ഗാന്ധി നേതൃത്വത്തിൽ തുടരണമെന്ന് ലീഗ് 

കോഴിക്കോട്- വർധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ആത്മാർഥത ചോദ്യം ചെയ്യുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണമെന്നും അവർക്ക് ആത്മവിശ്വാസം നൽകണമെന്നുമാണ് തെരഞ്ഞെടുപ്പു വിജയിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തത്. അതിനു വിരുദ്ധമായി ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരിൽ രാജ്യത്തിന്റെ പല ഭാഗത്തും ന്യൂനപക്ഷങ്ങൾ ക്രൂരമായി ആക്രമിക്കപ്പെടുന്നു. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും നിയുക്ത എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗോ രക്ഷകർ ഗോ രാക്ഷസരായി മാറിയെന്നും ആൾക്കൂട്ട ആക്രമണത്തിന് അറുതി വരുത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നും പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് പാർലമെന്റംഗങ്ങളുടെ യോഗ തീരുമാനങ്ങൾ അറിയിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
പ്രതികൂല കാലാവസ്ഥയിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിന് തുടർന്നും നേതൃത്വം നൽകണമെന്നും രാജി ആവശ്യത്തിൽനിന്നു പിന്മാറണമെന്നും ലീഗ്  ആവശ്യപ്പെട്ടു. കോൺഗ്രസിന്റെയും രാജ്യത്തിന്റെയും താൽപര്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധി നേതൃത്വത്തിൽ തുടരേണ്ടത് ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ രാഹുൽ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന് നേതൃത്വം നൽകി പോരാടാൻ രാഹുൽ ഗാന്ധി തുടരണമെന്ന് ഹൈദരലി തങ്ങൾ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി രാജി തീരുമാനത്തിൽനിന്നു പിന്മാറണമെന്ന് പ്രൊഫ. ഖാദർ മൊയ്തീനും ആവശ്യപ്പെട്ടു. ജനാധിപത്യം ശക്തിപ്പെടുത്താനും രാജ്യത്തിന്റെ പാരമ്പര്യം നിലനിർത്താനും അദ്ദേഹം പോരാടണം.
പ്രതികൂല കാലാവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ജനകീയ പ്രശ്‌നങ്ങളിൽ എക്കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ലെന്നും കോൺഗ്രസ് തിരിച്ചുവരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാരമ്പര്യം മോശം കാര്യമല്ലെന്നും നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യം മറക്കണമെന്നു പറയുന്നത് അത്ര നല്ല കാര്യമല്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ലോക്‌സഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഇ.ടി. മുഹമ്മദ് ബഷീർ, നവാസ് ഗനി, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest News