Sorry, you need to enable JavaScript to visit this website.

മുസ്ലിം യുവാവിനെ മര്‍ദിച്ച സംഭവത്തെ അപലപിച്ച ഗൗതം ഗംഭീറിന് ഉപദേശം

ന്യൂദല്‍ഹി- തൊപ്പി ധരിച്ചതിന്റെ പേരില്‍ ഗുരുഗ്രാമില്‍ മുസ്ലിം യുവാവ് ആക്രമിക്കപ്പെട്ട സംഭവം അപലപിച്ച് പ്രസ്താവന ഇറക്കിയ മുന്‍ ക്രിക്കറ്റ് താരവും പുതിയ എം.പിയുമായ ഗൗതം ഗംഭീറിന് നടന്‍ അനുപം ഖേറിന്റേയും ദല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ മനോജ് തിവാരിയുടേയും ഉപദേശം. സങ്കടകരമെന്നാണ് സംഭവത്തെ ഗൗതം ഗംഭീര്‍ വിശേഷിപ്പിച്ചിരുന്നത്.
ഒരു വിഭാഗം മാധ്യമങ്ങളുടെ കെണിയില്‍ വീഴരുതെന്നും പ്രസ്താവന നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്നും അനുപം ഖേര്‍ ഗൗതം ഗംഭീറിനെ ഉണര്‍ത്തി. പ്രസ്താവനയുടെ ആവശ്യമില്ലെന്നും നിങ്ങളുടെ കര്‍മങ്ങള്‍ സംസാരിച്ചുകൊള്ളുമെന്നാണ് ഖേറിന്റെ ട്വീറ്റ്.
സംഭവത്തെ അപലപിച്ചുവെങ്കിലും ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുമ്പോള്‍ എല്ലാവരും സൂക്ഷ്മത പാലിക്കണമെന്ന് മനോജ് തിവാരി പറഞ്ഞു. മുസ്ലിംകളില്‍ ഭീതി പടര്‍ത്താന്‍ ഗൂഢാലോചനയുടെ ഭാഗമായി ചിലര്‍ ഇത്തരം സംഭവങ്ങളുടെ മറവില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ദല്‍ഹിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗൗതം ഗംഭീര്‍ നിഷ്‌കളങ്കതയോടെയാണ് പ്രസ്താവന ഇറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ,  യുവാവിനെ ആക്രമിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നു. മദ്യലഹരിയിലുണ്ടായ വാക് തര്‍ക്കമാണെന്നാണ് പോലിസിന്റെ ഭാഷ്യം. സംഭവം വളരെ പരിതാപകരമാണെന്നും അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഗൗതം ഗംഭീര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതോടെയാണ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം സജീവമായത്.
തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താലാണ് ജക്കുംപുര എന്ന സ്ഥലത്ത്  പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്‌ലിം യുവാവ് മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് മുസ്‌ലിംകള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടിരുന്നു.  ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News