Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ തന്നെ; കേസ് വീണ്ടും സജീവമാകുന്നു

കൊച്ചി- പ്രശസ്ത നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് വീണ്ടും സജീവമാകുന്നു.  നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ വിവരങ്ങള്‍ മറ്റൊരു തടവുപുള്ളി പോലീസിനു കൈമാറിയതാണ് കേസ് വീണ്ടും സജീവമാക്കുന്നത്. കേസില്‍ ആദ്യം മുതല്‍ തന്നെ സംശയിക്കുന്ന ഗുഢാലോചനയുടെ വിവരങ്ങളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിന്‍സനാണ് നല്‍കിയത്. ഇതോടെ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ് സൂചന.
നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും പള്‍സര്‍ സുനി ജിന്‍സനോടു പറഞ്ഞിരുന്നു. ജയില്‍ അധികാരികള്‍ വഴി ഈ വിവരം അറിഞ്ഞ അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തിരുന്നു. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസില്‍ പ്രതിയായ ജിന്‍സനെ റിമാന്‍ഡ് ചെയ്തിരുന്ന മുറിയിലാണു പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്.

സുഹൃത്തുക്കളായി മാറിയ ഇവര്‍ നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങളും പങ്കുവെച്ചു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിന്‍സനോടു പറഞ്ഞിരുന്നു. ജിന്‍സന്റെ മൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയില്‍ രഹസ്യമൊഴി ആലുവ മജിസ്‌ട്രേട്ട് രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരിക്കയാണ്. മൊഴി മുദ്രവച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്കു കൈമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കൂടുതല്‍ തെളിവു ലഭിച്ചാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാം. പോലീസിനു ലഭിച്ചിരിക്കുന്ന മൊഴികള്‍ തെളിവു നിയമപ്രകാരം പ്രോസിക്യൂഷനു സഹായകരമല്ലാത്തതിനാലാണ്   ജിന്‍സന്റെ മൊഴി മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാന്‍ പോലീസ് തീരുമാനിച്ചത്. ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഏപ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

 

Latest News