Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ 'ഏഴു ഘട്ട' കൂറുമാറ്റം; തൃണമൂല്‍, സിപിഎം എംഎല്‍എമാരും കൗണ്‍സിലര്‍മാരും ബിജെപിയില്‍

കൊല്‍ക്കത്ത- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കൂട്ടയൊഴുക്ക്. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ സുബ്രാന്‍ശു റോയ്, തുഷാര്‍കാന്തി ഭട്ടാചാര്യ എന്നിവരും സിപിഎം എംഎല്‍എ ദേവന്ദ്ര റോയിയുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരോടൊപ്പം 60ഓളം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ജയ്ശ്രീറാം വിളികളോടെ ബിജെപിയില്‍ ചേര്‍ന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും പാര്‍ട്ടിക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 ഇടത്ത് ബിജെപി ജയിച്ചിരുന്നു. 22 സീറ്റ് ലഭിച്ച തൃണമൂലിന് കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാനായിരുന്നില്ല.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എ സുബ്രാന്‍ശു റോയിയുടെ നേതൃത്വത്തിലാണ് ഇവരുടെ നീക്കം. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ കാഞ്ചപാറ, ഹലിശഹര്‍, നയിഹാട്ടി എന്നീ മുനിസിപ്പാലിറ്റികളിലെ 40ഓളം തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഇവര്‍ ദല്‍ഹിയിലെത്തിയിട്ടുണ്ട്. മമതയോട് ഇടഞ്ഞ് 2017ല്‍ തൃണമൂല്‍ വിട്ട ഇപ്പോള്‍ ബിജെപി നേതാവായ മുകള്‍ റോയിയും കൂടെയുണ്ട്. മുകുള്‍ റോയിയുടെ മകനാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എയായ സുബ്രാന്‍ശു. ഇന്നു നടന്ന ബിജെപിയിലേക്കുള്ള ഒഴുക്ക് ഏഴു ഘട്ടങ്ങളായി നടക്കുന്ന ഇത്തരം നീക്കങ്ങളില്‍ ആദ്യത്തേതാണെന്ന് മുകുള്‍ റോയ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടു്പ്പു പോലെ തന്നെ ഏഴു ഘ്ട്ടങ്ങളിലായി തൃണമൂല്‍ നേതാക്കളും ബിജെപിയിലെത്തുമെന്ന് റോയ് പറഞ്ഞു. 2021ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനം പോലും ലഭിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി മാറിയതോടെ രണ്ടു മുനിസിപാലിറ്റികളില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. മമതയോട് എതിര്‍പ്പുണ്ടായിട്ടല്ലെന്നും ബിജെപി ബംഗാളില്‍ നേടിയ വിജയത്തില്‍ അകൃഷ്ടരായാണ് പാര്‍ട്ടി വിട്ടതെന്നും ഗരിഫയിലെ തൃണമൂല്‍ കൗണ്‍സിലറായ റുബി ചാറ്റര്‍ജി പറഞ്ഞു.

 

Latest News