അമ്പലപ്പുഴ- ധ്യാനത്തിനായി നാടുവിട്ട മലയാളി യുവാവിനെ ഹിമാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവിന്റെ (36) ശരീരാവശിഷ്ടങ്ങള്‍ ബദരീനാഥ് ക്ഷേത്രത്തിനു സമീപം നാരായണപര്വതത്തിലാണ് കണ്ടെത്തിയത്.
ആറുമാസം മുമ്പാണ് സൂരജ് രാജീവ് ധ്യാനത്തിനായി നാരായണ പര്‍വതത്തിലേക്ക് പോയത്. ബദരീനാഥില്‍ അച്ഛന് രാജീവിന്റെ സാന്നിധ്യത്തില്‍ അന്ത്യകര്‍മങ്ങള്‍ നടന്നു. കംപ്യൂട്ടര്‍ എന്‍ജിനിയറിങ് ബിരുദധാരിയായ സൂരജ് പഠനം കഴിഞ്ഞതുമുതല്‍ യാത്രകളും ധ്യാനവുമായി ആത്മീയവഴിയിലായിരുന്നു.
എക്സൈസ് വകുപ്പില്‍ റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ആത്മീയപ്രവര്‍ത്തകനുമായ അമ്പലപ്പുഴ പടിഞ്ഞാറേനട കൃഷ്ണനിലയത്തില്‍ ടി.ആര്.രാജീവിന്റെയും അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്തംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റുമായ സുഷമാ രാജീവിന്റെയും മകനാണ്. അമേരിക്കയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്നാണ് കംപ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയത്. അമേരിക്കയിലെ പഠനകാലത്താണ് സൂരജ് ഓണ്‍ലൈനിലൂടെ സന്ന്യാസമേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുന്നത്. പഠനശേഷം ആത്മീയവഴി തിരഞ്ഞെടുത്തു.
കഴിഞ്ഞവര്‍ഷം ജൂണില്‍ വീട്ടിലെത്തി മടങ്ങിയിരുന്നു. സെപ്റ്റംബറിലാണ് അവസാനമായി വീട്ടിലേക്ക് വിളിച്ച് ബദരീനാഥിലേക്ക് പോകുന്നതായി അറിയിച്ചത്. നവംബറില്‍ ബദരീനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന എല്ലാവരും മലയിറങ്ങിയപ്പോള്‍ സൂരജ് നാരായണപര്‍വതത്തിലേക്ക് പോകുകയായിരുന്നു. കിരണ്‍ രാജീവ്(കാനഡ), രോഷ്നി(കുവൈത്ത്) എന്നിവരാണ് സൂരജിന്റെ സഹോദരങ്ങള്‍.