ന്യൂദല്‍ഹി-ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഗംഭീര വിജയത്തിനു ചുക്കാന്‍ പിടിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രണ്ടാം മോഡി മന്ത്രിസഭയില്‍ ധനമന്ത്രിയാകുമെന്ന് സൂചന. അരുണ്‍ ജയ്റ്റ്ലി ആരോഗ്യകാരണങ്ങളാല്‍ ഉണ്ടാകില്ലെന്നും അമിത് ഷാ ചുമതലയേല്‍ക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഒരാള്‍ക്ക് ഒരു പദവിയെന്ന പാര്‍ട്ടി നയം കണക്കിലെടുക്കുമ്പോള്‍ അമിത് ഷായ്ക്കു പകരം പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താനും ശ്രമം ഊര്‍ജിതമായി. കേന്ദ്രമന്ത്രിമാരായിരുന്ന ജെ.പി. നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
കഴിഞ്ഞ തവണ തന്റെ വിശ്വസ്തരെയാണ് മോഡി മന്ത്രിസഭയിലേക്കു പരിഗണിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വിവിധ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച നേതാക്കളെയും പരിഗണിക്കുമെന്ന് പറയുന്നു.