ഡോളര്‍ ആവശ്യകത വര്‍ധിച്ചു; ഇന്ത്യന്‍ രൂപ വീണ്ടും തളരുന്നു;

മുംബൈ- യു.എസ് ഡോളറിനെതിരെ ശക്തിപ്പെട്ടു വന്നിരുന്ന ഇന്ത്യന്‍ രൂപയ്ക്ക് ഇന്ന് വീണ്ടും തളര്‍ച്ച. യു.എസ്-ചൈനാ വ്യാപാര യുദ്ധത്തെ കുറിച്ചുള്ള ആശങ്കകളും ക്രൂഡ് വില വര്‍ധനയുമാണ് മറ്റു ഏഷ്യന്‍ കറന്‍സികളോടൊപ്പം ഇന്ത്യന്‍ രൂപയേയും ബാധിച്ചത്. വിനിമയ വിപണിയില്‍ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാരില്‍ നിന്നും ഡോളര്‍ ആവശ്യകത വര്‍ധിച്ചതും കാരണമായി.
രാവിലെ ഡോളറിന് 69.68 നിരക്കിലാണ് രൂപയുടെ വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം 69.51 ല്‍ ക്ലോസ് ചെയ്ത രൂപ ഡോളറിന് 69.65 നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്.
ചൈനയുമായി കരാര്‍ ഒപ്പുവെക്കാറായിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഇടിഞ്ഞിരുന്ന ക്രൂഡ് വിലയില്‍ രണ്ട് ശതമാനം വര്‍ധനയുണ്ടായി. 70.05 ഡോളറാണ് ബാരല്‍ വില.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നതിനു പിന്നാലെ ഓഹരി വിപണിയും ഇന്ത്യന്‍ രൂപയുടെ മൂല്യവും വര്‍ച്ചിരുന്നു.

വിദേശ നിക്ഷേപത്തിലുള്ള വരവ് വര്‍ധിച്ചതും ക്രൂഡ് ഓയില്‍ നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നതും ഇന്ത്യന്‍ രൂപയെ വലിയ മൂല്യത്തകര്‍ച്ചയില്‍ നിന്ന് പ്രതിരോധിക്കുന്നുണ്ട്.

 

Latest News