യോഗ സൗജന്യ ആരോഗ്യ പരിരക്ഷ- പ്രധാനമന്ത്രി

ലക്‌നൗ- യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. യോഗയെ സ ൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭാഷയോ സംസ്‌കാരമോ പാരമ്പര്യമോ അറിയാത്ത പലാ രാജ്യങ്ങളേയും ഇപ്പോള്‍ യോഗയിലൂടെയാണ് ബന്ധിപ്പിക്കുന്നത്. ശരീരത്തിനേയും മനസ്സിനേയും ആത്മാവിനേയും ബന്ധിപ്പിക്കുന്ന യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്- ലക്‌നൗവില്‍ മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനു നേതൃത്വം നല്‍കി പ്രധാനമന്ത്രി പറഞ്ഞു.
വെള്ള ടീഷര്‍ട്ടും അയഞ്ഞ പാന്റ്‌സും ധരിച്ച മോഡി അരലക്ഷത്തോളം പേരോടൊപ്പം വിവിധ ആസനങ്ങള്‍ നിര്‍വഹിച്ചു.
നേരത്തെ ഹിമാലയത്തിലെ സന്ന്യാസികളില്‍ മാത്രം ഒതുങ്ങിയിരുന്ന യോഗ ഇപ്പോള്‍ ഓരോരുത്തരുടേയും ഭാഗമാണെന്നും  പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കും മുഖ്യമന്ത്രി ആദിത്യനാഥും പ്രധാനമന്ത്രിയോടൊപ്പം യോഗയില്‍ പങ്കെടുത്തു.

Latest News