ന്യൂദല്‍ഹി- രാജി തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരുന്നു. അധ്യക്ഷസ്ഥാനത്ത് രാഹുലിനു പകരക്കാരനെ കണ്ടെത്താനായാണ് യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവയ്ക്കുന്നതായി ഫലം പുറത്തുവന്നതിനു പിറകെ നടന്ന പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ അറിയിച്ചിരുന്നു. എന്നാല്‍, നേതാക്കള്‍ ഇതു തടയുകയായിരുന്നു. അതേസമയം, ഇന്നലെ രാഹുല്‍ വീണ്ടും സ്ഥാനമൊഴിലാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കിയതോടെയാണ് നേതാക്കള്‍ പ്രതിസന്ധിയിലായത്. രാഹുലിനു പകരം പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യരായവരുടെ പേരുകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, എ.കെ ആന്റണി തുടങ്ങിയവരുടെ പേരുകളാണ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ചേരാനിടയുള്ള യോഗത്തില്‍ പരിഗണിക്കപ്പെടുന്ന പേരുകള്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയായിരിക്കും ചെയ്യുക.
തനിക്കു പകരക്കാരായി മാതാവിനെയോ സഹോദരിയെയോ പരിഗണിക്കരുതെന്നും ശനിയാഴ്ചത്തെ പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. പകരക്കാരനെ കണ്ടെത്താനുള്ള സമയം നേതാക്കള്‍ക്കു നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും രാഹുല്‍ അറിയിച്ചു. നേരത്തെ ഏറ്റെടുത്തിരുന്ന ശനിയാഴ്ചയ്ക്കു ശേഷമുള്ള മുഴുവന്‍ യോഗങ്ങളും പരിപാടികളുമെല്ലാം റദ്ദാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പുള്ള രാഹുലിന്റെ നീക്കം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേലും കെ.സി വേണുഗോപാലും കഴിഞ്ഞ ദിവസം രാഹുലിനെ നേരില്‍ കണ്ട് അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.