Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എമ്മില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും; യെച്ചൂരിയുടെ രാജി പി.ബി തള്ളി

ന്യൂദല്‍ഹി- ലോക്‌സഭ  തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയശേഷം തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി സ്വീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍  വന്‍വോട്ടു ചോര്‍ച്ച സംഭവിച്ചു. ബംഗാളിലും ത്രിപുരയിലും ഒരുപരിധിയോളം കേരളത്തിലും ഇതു സംഭവിച്ചു. ഇതിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ ചിലത് രണ്ട് ദിവസമായി ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗം ചര്‍ച്ചചെയ്തുവെന്ന് സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനകീയപ്രക്ഷോഭങ്ങളിലൂടെ പാര്‍ട്ടിയുടെ കരുത്തും രാഷ്ട്രീയഇടപെടല്‍ ശേഷിയും തിരിച്ചു പിടിക്കും.

പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം ജൂണ്‍ ഏഴ് മുതല്‍ ഒമ്പതു വരെ ചേരുന്നതിനു മുന്നോടിയായി സംസ്ഥാനകമ്മിറ്റികള്‍  തെരഞ്ഞെടുപ്പുഫലം സ്വയംവിമര്‍ശനബുദ്ധിയോടെ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനഘടകങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ചചെയ്യുകയും ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. ആവശ്യമായ തിരുത്തല്‍ നടപടികള്‍ കേന്ദ്രകമ്മിറ്റി സ്വീകരിക്കും. ശബരിമല വിഷയം പരിശോധിക്കുമോ എന്ന ചോദ്യത്തോട്  എല്ലാ കാര്യങ്ങളും പാര്‍ടിയില്‍ ചര്‍ച്ചചെയ്യുമെന്നായിരുന്നു മറുപടി.
തമിഴ്‌നാടും ആന്ധ്രപ്രദേശും പോലുള്ള ചില സംസ്ഥാനങ്ങള്‍ ഒഴിച്ച് മറ്റെല്ലായിടത്തും ഈ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു ശക്തമായ തിരിച്ചടിയാണ് നേരിട്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

വന്‍തോതിലുള്ള ഭീകരതയുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പ് നടന്നത്. സിപിഎം പ്രവര്‍ത്തകരെ ഒട്ടേറെ പ്രദേശങ്ങളില്‍ വോട്ട് ചെയ്യാന്‍പോലും അനുവദിച്ചില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനു പലതവണ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. തെരഞ്ഞെടുപ്പിനിടെ ബംഗാളില്‍ രണ്ടും ത്രിപുരയില്‍ ഒന്നും വീതം ഇടതുമുന്നണി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ത്രിപുരയിലെ ഒരു മണ്ഡലത്തിലെ 85 ശതമാനം ബൂത്തുകളിലും വോട്ടെടുപ്പ് അട്ടിമറിച്ചു. 10 ശതമാനം ബൂത്തുകളില്‍ മാത്രമാണ് റീപോളിങ് നടത്തിയത്. അവിടങ്ങളില്‍ പോലും മതിയായ സുരക്ഷ ഉറപ്പാക്കിയില്ല-യെച്ചൂരി പറഞ്ഞു.

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് സീതാറാം യെച്ചൂരി പൊളിറ്റ് ബ്യൂറോ യോഗത്തെ അറിയിച്ചുവെങ്കിലും തോല്‍വി കൂട്ടുത്തരവാദിത്തമാണെന്ന് വിലയിരുത്തിയ യോഗം തള്ളി.
പരാജയത്തിന്റെ ഉത്തരവാദിത്തം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ താനേല്‍ക്കുന്നതായാണ് യെച്ചൂരി യോഗത്തില്‍ പറഞ്ഞത്.  
പരാജയത്തില്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വ്യക്തിപരമായി ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്ന് ഫലം വന്നദിവസം താന്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടേത് കൂട്ടുത്തരവാദിത്തമാണ്. ആ കൂട്ടത്തില്‍ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഒന്നാമതാണ് തന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Latest News