ജിസാനിൽ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ്

ജിസാനിലെ അൽഅഹ്‌ലാം ടൂറിസം റിസോർട്ടിൽ പ്രവർത്തനം ആരംഭിച്ച ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ്.

ജിസാൻ - ജിസാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് ചെങ്കടൽ തീരത്ത് അൽഹനാവി ടൂറിസം ഗ്രൂപ്പ് വെള്ളത്തിൽ ഒഴുകി നടക്കുന്ന റെസ്റ്റോറന്റ് സ്ഥാപിച്ചു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ പദ്ധതികൾക്ക് അനുസൃതമായാണ് അൽഹനാവി ടൂറിസം ഗ്രൂപ്പ് സന്ദർശകരെ ആകർഷിക്കുന്നതിന് ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് സ്ഥാപിച്ചിരിക്കുന്നത്. ദക്ഷിണ സൗദിയിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് ആണിത്. 
റമദാൻ ആദ്യത്തിലാണ് റെസ്റ്റോറന്റ് തുറന്നതെന്ന് അൽഹനാവി ടൂറിസം ഗ്രൂപ്പ് ഉടമയും വ്യവസായ പ്രമുഖനുമായ മുഹമ്മദ് ബിൻ ദർവീശ് അൽഹനാവി പറഞ്ഞു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പ്രഖ്യാപിച്ച പുതിയ പദ്ധതി ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റുകൾ ആരംഭിക്കുന്നതിന് പിന്തുണ നൽകുന്നു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ പുതിയ പദ്ധതി പ്രഖ്യാപിക്കുന്നതിന് തുർക്കി ആലുശൈഖ് വിളിച്ചുചേർത്ത പത്രസമ്മേളനം പൂർത്തിയായി മണിക്കൂറുകൾക്കകം ജിസാനിൽ ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്ക് തങ്ങൾ തുടക്കമിട്ടു. 
ജിസാനിലെ അൽഅഹ്‌ലാം ടൂറിസം റിസോർട്ടിലാണ് ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് സ്ഥാപിച്ചിരിക്കുന്നത്. ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റിന്റെ ഭാഗമായി നിരവധി ബോട്ടുകളും അൽഹനാവി ടൂറിസം ഗ്രൂപ്പ് പുറത്തിറക്കിയിട്ടുണ്ട്. വിഷൻ 2030 പദ്ധതിക്കനുസൃതമായി രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിനാണ് അൽഹനാവി ടൂറിസം ഗ്രൂപ്പ് ശ്രമിക്കുന്നത്. 
ജിസാൻ പ്രവിശ്യയിലെ പ്രധാന ടൂറിസം പദ്ധതികളിൽ ഒന്നാണ് ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ്. അൽമർജാൻ ദ്വീപിന്റെ മധ്യത്തിലാണ് റെസ്റ്റോറന്റുള്ളത്. റെസ്റ്റോറന്റുകളും ബോട്ടുകളും ബീച്ച് കാബിനുകളും അടക്കമുള്ള സേവനങ്ങൾ ലഭ്യമായതിനാലാണ് ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിന് അൽഅഹ്‌ലാം ടൂറിസം റിസോർട്ട് തെരഞ്ഞെടുത്തതെന്നും മുഹമ്മദ് ബിൻ ദർവീശ് അൽഹനാവി പറഞ്ഞു.

Latest News