Sorry, you need to enable JavaScript to visit this website.

രാജിയിൽ ഉറച്ച് രാഹുൽ, പ്രതിസന്ധിയിൽ കോൺഗ്രസ്

പകരം ആളെ കണ്ടെത്തിക്കോളൂ എന്ന് നേതാക്കളോട് രാഹുൽ,

തീരുമാനം രാഹുലിന് വിട്ട് സോണിയയും പ്രിയങ്കയും 

ന്യൂദൽഹി- പ്രവർത്തകരും പ്രവർത്തക സമിതി യോഗവും ഒന്നടങ്കം അഭ്യർഥിച്ചിട്ടും രാജിവെച്ചൊഴിയും എന്ന തീരുമാനത്തിൽ മാറ്റമില്ലാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തനിക്കൊരു പകരക്കാരനെ കണ്ടെത്തിക്കോളൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനോടും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോടും രാഹുൽ പറഞ്ഞതായാണു വിവരം. അതിനിടെ കോൺഗ്രസിന് ദേശീയ നേതൃനിരയിൽ ഒരു വർക്കിംഗ് പ്രസിഡന്റിനെക്കൂടി നിയമിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നുണ്ട്. 
ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് തൊട്ടുപിന്നാലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ രാജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സമിതി ഏകകണ്‌ഠേന രാഹുലിന്റെ രാജി സന്നദ്ധത തള്ളി തുടർന്നും അദ്ദേഹം തന്നെ പാർട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യു.പി.എ ചെയർപേഴ്‌സണും അമ്മയുമായ സോണിയ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിനോട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, രാജിവെച്ച് പുറത്തേക്കിറങ്ങും എന്ന തീരുമാനത്തിൽതന്നെ രാഹുൽ ഇന്നലെയും ഉറച്ചു നിൽക്കുകയാണ്. തന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവാദിത്തപ്പെട്ട മുതിർന്ന നേതാക്കളോട് തനിക്കൊരു പകരക്കാരനെ കണ്ടെത്തിക്കോളാൻ രാഹുൽ നേരിട്ടു നിർദേശം നൽകിയത്. പാർട്ടിയെ നയിക്കാൻ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ വരുന്നതിൽ അപാകമില്ലെന്ന് രാഹുൽ പ്രവർത്തക സമിതി യോഗത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. രാജിവെക്കണം എന്ന രാഹുലിന്റെ തീരുമാനത്തെ ആദ്യം എതിർത്തു എങ്കിലും സോണിയയും പ്രിയങ്കയും ഇപ്പോൾ തീരുമാനം രാഹുലിന് തന്നെ വിട്ടിരിക്കുകയാണ്. അതിനിടെ ഇന്നലെ തന്നെ കാണാനെത്തിയ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് മുഖം നൽകാൻ തന്നെ രാഹുൽ വിസമ്മതിച്ചു. 
രാഹുലിന്റെ രാജിക്കാര്യം ഏകകണ്‌ഠേന എതിർത്തു എന്നു പറഞ്ഞെങ്കിലും ഇന്നലെ വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ മൂല്യത്തെ ബഹുമാനിക്കണമെന്നും ഊഹാപോഹങ്ങളിൽ വീഴരുതെന്നുമാണു മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. കോൺഗ്രസിന്റെ ഭാവി പരിപാടി രൂപീകരണങ്ങൾക്കായി കാത്തിരിക്കുവാനും പ്രസ്താവനയിൽ പാർട്ടി പറയുന്നു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാലയും പറഞ്ഞു. ഊഹങ്ങളുടെ കെണിയിൽ പെടരുതെന്നാണു സുർജേവാല മാധ്യമങ്ങൾക്കു മുന്നറിയിപ്പു നൽകിയത്. 
പല മുതിർന്ന നേതാക്കളും മക്കൾക്ക് സീറ്റു ലഭിക്കാനും അവരെ തെരഞ്ഞെടുപ്പിൽ നിർത്തി മത്സരിപ്പിച്ചു വിജയിപ്പിക്കാനും നടത്തിയ ശ്രമങ്ങൾക്കിടെ പാർട്ടിയോടുള്ള ഉത്തരവാദിത്തം മറന്നുപോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ തന്നെ രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. വർക്കിംഗ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുള്ള ചില മുതിർന്ന നേതാക്കൾക്ക്  ശകാരം കേൾക്കേണ്ടി വന്നു എന്നും റിപ്പോർട്ടുണ്ട്. ശനിയാഴ്ച നടന്ന പ്രവർത്തക സമിതി യോഗത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവർക്കെതിരെ രാഹുൽ വിമർശം ഉന്നയിച്ചത്. അശോക് ഗെലോട്ടും കമൽനാഥും തങ്ങളുടെ മക്കളെ മത്സരിപ്പിക്കണമെന്ന് നിർബന്ധിച്ചതായും താൻ എതിർത്തിട്ടും നേതാക്കൾ വഴങ്ങിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയതായും വിവരമുണ്ട്.
രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ നേതാക്കൾ നെട്ടോട്ടമോടുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് കെ.സി വേണുഗോപാലും അഹമ്മദ് പട്ടേലും രാഹുൽ ഗാന്ധിയെ സന്ദർശിച്ചപ്പോഴാണ് തന്റെ നിലപാട് രാഹുൽ ഗാന്ധി  ആവർത്തിച്ചത്. രാഹുൽ രാജി സന്നദ്ധതയറിച്ചതു മുതൽ ആ തീരുമാനത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നിരവധി സന്ദേശങ്ങളാണ് പാർട്ടിനേതൃത്വത്തിനും രാഹുലിന് വ്യക്തിപരമായും ലഭിക്കുന്നത്. രാജി തീരുമാനം വേണ്ടെന്നുവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങളിലെ പി.സി.സികളും കത്തുകൾ അയച്ചിട്ടുണ്ട്.
 

Latest News