കൊച്ചി- എറണാകുളം ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറിലുണ്ടായ വൻ തീപ്പിടിത്തത്തിൽ വെണ്ണീറായത് കോടികളുടെ വസ്ത്രങ്ങൾ. നാലു കടകൾ പൂർണമായും കത്തിനശിച്ചു. തയ്യൽ ഉപകരണങ്ങളും മറ്റും വിൽക്കുന്ന കെ.സി പപ്പു ആൻഡ് സൺസ് എന്ന സ്ഥാപനത്തിന്റെ രണ്ടാം നിലയിലാണ് തീപ്പിടിച്ചത്. ഇവിടെ നിന്നും വളരെ പെട്ടെന്ന് സമീപത്തെ രണ്ട് കടകളിലേക്കും വ്യാപിക്കുകയായിരുന്നു. രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്ന ശേഷം 9.50 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് അഗ്‌നിശമന സേനയുടെ പ്രാഥമിക നിഗമനം. മെയിൻ സ്വിച്ച് ഓണാക്കിയതിന് ശേഷമാണ് തീ പടർന്ന് പിടിച്ചതെന്ന് ഫയർ ഫോഴ്‌സിന് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. 25 ഓളം യൂണിറ്റ് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥർ കൂടാതെ ഇന്ത്യൻ നേവി, കൊച്ചിൻ റിഫൈനറി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർ ആൻഡ് റെസ്‌ക്യു അധികൃതർ എന്നിവരും രണ്ടര മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമായത്. കെ.പി ഫ്രാൻസീസ്, കെ.പി ജോണി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മേഖലയിലെ 60 വർഷത്തിലധികം പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നിലാണ് ഇത്. രണ്ടാം നിലയിലുണ്ടായിരുന്ന കെ.സി പപ്പു ആൻഡ് സൺസിലെ വിൽപനക്കുള്ള വസ്തുക്കളായ തയ്യൽ മെഷീനുകൾ മറ്റ് ഉപകരണങ്ങൾ എന്നിവ നശിച്ചു. രണ്ട് കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥർ പറഞ്ഞു.
സമീപത്തെ കടയിലെ ജീവനക്കാരാണ് രണ്ടാം നിലയിൽ നിന്ന് തീ ഉയർന്നു പൊങ്ങുന്നത് ആദ്യം കണ്ടത്. ഉടൻ ബഹളമുണ്ടാക്കി ഉള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും തീയണക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്‌സ് വാഹനങ്ങൾ ബ്രോഡ്‌വേയുടെ ഉള്ളിലെ ചെറിയ വഴികളിലൂടെ കടന്ന് ക്ലോത്ത് ബസാറിലെ റോഡിലെത്താൻ സമയമെടുത്തു. വഴിയരികിലെ അനധികൃത പാർക്കിംഗുകൾ അകത്തേക്കുള്ള ഫയർഫോഴ്‌സ് വാഹനങ്ങളുടെ പ്രവേശനം ദുസ്സഹമാക്കി. ഈ നേരം കൊണ്ട് സമീപത്തെ രണ്ട് കടകളായ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളും ഓടുകളും പൂർണമായി കത്തിനശിച്ചു. ഇതിനിടെ തീ ഗ്യാസ് സിലിണ്ടറിലേക്ക് പടർന്നെന്ന സംശയത്തെ തുടർന്ന് തടിച്ചുകൂടിയ ആളുകളെ മുഴുവൻ പോലീസ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. മൂന്നു നിലയുള്ള കെട്ടിടത്തിൽ വൻതോതിൽ വസ്ത്രങ്ങളും മറ്റു സാമഗ്രികളുമുണ്ടായിരുന്നു. രാവിലെ തീപ്പിടിച്ച ഉടനെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. തുടർന്ന് തീ അടുത്ത കടകളിലേക്ക് പടർന്നു പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയതെങ്കിലും വിഫലമായി. സി.കെ ശങ്കുണ്ണി നായർ ഹാർഡ് വെയർ ആൻഡ് ബിൽഡിങ് മെറ്റീരിയൽസ്, ഭദ്ര ടെക്‌സ്‌റ്റൈൽസ് എന്നിവിടങ്ങളിലേക്ക് തീ വ്യാപിച്ചു. ഇവിടെ പെരുന്നാൾ കച്ചവടം പ്രമാണിച്ച് എത്തിച്ചിരുന്ന വസ്ത്രങ്ങൾ കത്തിനശിച്ചു.
കടുത്ത പുക ഉയരുന്നത് കണ്ടയുടൻ നാട്ടുകാരും സമീപത്തെ ചുമട്ടു തൊഴിലാളികളും ഉൾപ്പെടെയുള്ളവർ രക്ഷാ പ്രവർത്തനത്തിറങ്ങുകയും അഗ്‌നിശമന സേനയെ വിവരമറിക്കുകയുമായിരുന്നു. കേരള ഫയർ ഫോഴ്‌സിന്റെ കടവന്ത്ര, ഗാന്ധിനഗർ യൂണിറ്റുകൾ, ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് വെണ്ടുരുത്തി, നേവി ഫയർഫോഴ്‌സ് തുടങ്ങിയവയാണ് തീ അണക്കാൻ രംഗത്തുണ്ടായത്. തീപ്പിടിത്തത്തെ തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗത തടസമുണ്ടായി. ജില്ലാ കലക്ടർ കെ.മുഹമ്മദ് വൈ സഫീറുള്ള, മേയർ സൗമിനി ജയൻ, സിറ്റി പോലീസ് കമ്മീഷണർ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള സംഭവ സ്ഥലം സന്ദർശിച്ചു.