തലശ്ശേരി- കടം വാങ്ങിയ 9000 രൂപ തിരിച്ച് ചോദിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സുഹൃത്തിനെ മരക്കട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ബംഗാൾ സ്വദേശി തുളസി ചിക്‌സരേകിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാൾ സ്വദേശി തന്നെയായ ദാറുഹോറ(45)യെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്)ജഡ്ജ് ആർ.എൽ ബൈജു കുറ്റ വിമുക്തനാക്കിയത.്
2017 ഓഗസ്റ്റ് 27ന് രാത്രി 9.30 മണിക്കാണ് കേസിനാസ്പദമായ സംഭവം. തുളസി ചിക്ബരേകിന്റെ കൂടെ താമസിച്ച് വരുന്ന പ്രതി കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിനെ തുടർന്ന് വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. കൂത്തുപറമ്പിലെ നീരോളിച്ചാൽ കുട്ടിക്കുന്നിലെ ജെ.എസ്.എം കുപ്പി കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. ഇവിടെ താമസിച്ച് വരുന്നതിനിടയിലാണ് തർക്കം. തുടർന്ന് പ്രതി മരപ്പട്ടിക കൊണ്ടും മറ്റും തലക്കടിച്ച് കൊലപ്പെടുത്തയെന്നായിരുന്നു പ്രൊസിക്യൂഷൻ കേസ്. പ്രതിക്ക് വേണ്ടി ലീഗൽ സർവീസ് അതോറിറ്റി നിയമിച്ച അഭിഭാഷകനായ രഗിത്താണ് ഹാജരായത്.