പരിപാടികള്‍ റദ്ദാക്കി രാഹുല്‍; അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുന്ന രാഹുല്‍ ഗാന്ധി പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുമായി നേരത്തെ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയടക്കം എല്ലാ പരിപാടികളും റദ്ദാക്കി. എന്നാല്‍ രാഹുല്‍ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രസ്താവനയില്‍ പറഞ്ഞു.
രാജി തീരുമാനത്തില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാലിനേയും അഹമ്മദ് പട്ടേലിനേയും കണ്ട് രാവിലെ രാഹുല്‍ പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജിക്ക് അമ്മ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കയും സമ്മതം അറിയിച്ചിട്ടുണ്ട്. തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ഇവര്‍ ഏറെ ശ്രമിച്ചിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് രാഹുല്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു.

 

Latest News