ഉത്തര്‍പ്രദേശില്‍ മഹാസഖ്യം തുടരും; ഉപതെരഞ്ഞെടുപ്പ് പ്രധാനമെന്ന് മായാവതി

ലഖ്നൗ- ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി കക്ഷികളുടെ മഹാസഖ്യം തുടരും. സംസ്ഥാനത്ത് 2022ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് എസ്പി നേതാവ് അഖിലേഷ് യാദവിന്റെയും ബി.എസ്.പി നേതാവ് മായാവതിയുടെയും തീരുമാനം.
യു.പിയില്‍ 11 നിയമസഭാ സീറ്റുകളിലേക്ക് ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 11 സിറ്റിങ് എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണിത്.  
എസ്.പിയുമായുള്ള സഖ്യം തുടരുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മായാവതി വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം മഹാസഖ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും അവര്‍ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍  മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും ഒറ്റ സീറ്റുപോലുമില്ലാതിരുന്ന ബി.എസ്.പിക്ക് പത്ത് സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. എന്നാല്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് അടക്കമുള്ളവരുടെ പരാജയം സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

 

Latest News