Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷങ്ങൾക്ക് നേരെ ഇന്ത്യയിലുടനീളം അക്രമം

ന്യൂദൽഹി- എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നാഹ്വാനം ചെയ്ത് രണ്ടാം തവണയും നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്ക് നേർക്ക് ആക്രമണങ്ങൾ. ബിഹാർ, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണു കഴിഞ്ഞ ദിവസങ്ങളിലാണ് വർഗീയ അധിക്ഷേപവും വെടിവെപ്പും ഉൾപ്പടെയുള്ള സംഭവങ്ങൾ നടന്നത്. 
    ബീഹാറിലെ ബെഗുസരായിൽ ആണ് മുസ്്‌ലിം നാമധാരിയായതിന്റെ പേരിൽ യുവാവിന് വെടിയേറ്റത്. ബെഗുസരായി ജില്ലയിലെ കുംഭി ഗ്രാമത്തിലെ മുഹമ്മദ് ക്വാസിം എന്ന യുവാവിനാണ് നടുറോഡിൽ വെടിയേറ്റത്. രാജീവ് യാദവ് എന്നയാളാണ് മദ്യലഹരിയിൽ വെടിയുതിർത്തത്. മുഹമ്മദ് ക്വാസിമിനെ നടുറോഡിൽ പിടിച്ചു നിർത്തി പേര് ചോദിച്ചു. പേര് പറഞ്ഞയുടൻ പാക്കിസ്ഥാനിലേക്ക് പോകൂ എന്നാക്രോശിച്ച്് വെടി വെക്കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ലെന്നാണു വിവരം. ക്വാസിമിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് നിറയൊഴിച്ച ശേഷം രണ്ടാമതും തോക്ക് ലോഡ് ചെയ്ത യാദവ് വീണ്ടും നിറയൊഴിക്കാൻ മുതിർന്നു. പിന്നീട് ക്വാസിം ഇയാളെ തള്ളി വീഴ്ത്തി ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഗ്രാമമുഖ്യന്റെ അടുത്തു പരാതി പറഞ്ഞിട്ടും ഫലം കണ്ടില്ല. പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ക്വാസിം ഇപ്പോൾ സദറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. 
    കഴിഞ്ഞ ദിവസമാണ് ഡൽഹിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്്‌ലിം രീതിയിലുള്ള തൊപ്പി വെച്ചതിന് യുവാവിന് മർദനമേറ്റത്. ഗുരുഗ്രാമിലെ സദർ ബസാർ പരിസരത്താണ് സംഭവം. ബിഹാർ സ്വദേശി മുഹമ്മദ് ബർക്കത്ത് ആലം എന്ന യുവാവിനാണ് മർദനമേറ്റത്. ഇയാളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയ അക്രമികൾ ജയ് ശ്രീ റാം, ഭാരത് മാതാ കീ ജയ് എന്നു വിളിക്കാനും ആവശ്യപ്പെട്ടു മർദിച്ചു. അക്രമികൾ മദ്യപിച്ചിരുന്നു എന്നും രക്ഷപെടാനായി പോലീസിനെ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തുന്നുണ്ടെന്നാണ് ഹരിയാന പോലീസ് പറയുന്നത്. 
    ചത്തീസ്ഗഡിലെ റായ്പൂരിൽ ബീഫ് കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന്റെ ഡയറി ഫാം അടിച്ചു തകർത്തു. യുവാവിനെ മർദ്ദിക്കുകയും ചെയ്തു. ആക്രമണം നടത്തിയവർക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്‌റംഗ് ദൾ ഉൾപ്പെട്ട സംഘടനകൾ പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചിരുന്നു.
    റായ്പൂരിലെ ഗോകുൽ നഗറിലാണ് ഡയറി ഫാം പ്രവർത്തിക്കുന്നത്. ഇവിടേക്ക് ഗോരക്ഷകരെന്ന പേരിൽ ചിലർ ശനിയാഴ്ച വൈകീട്ടോടെ എത്തിയാണ് ആക്രമണം നടത്തിയത്. ഉടമയായ ഉസ്മാൻ ഖുറേഷിയെ ഇവർ മർദ്ദിച്ചു. പിന്നീട് ഡയറി ഫാം അടിച്ചുതകർക്കുകയും ഇനി ഇവിടെ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ഉസ്മാൻ ഖുറേഷി പൊലീസിൽ പരാതി നൽകി.
    ഇതിനു പിന്നാലെ ഉസ്മാൻ ഖുറേഷിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. പശുവിനെ അറക്കുന്നുണ്ടായിരുന്നെന്നും പശുവിന്റെ മാംസം ഡയറി ഫാമിൽ നിന്നും ലഭിച്ചുവെന്നും ആയിരുന്നു ഇവരുടെ ആരോപണം. എന്നാൽ പരാതിയിൽ അടിസ്ഥാനമില്ലെന്നും അത്തരത്തിലുള്ള യാതൊരു തെളിവുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.സംഭവത്തിന് പിന്നാലെ ഗോരക്ഷകർ എന്ന് അവകാശപ്പെട്ട് അക്രമം നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അംഗിത് ദ്വിവേദി, അമർജിത് സിംഗ്. സുബാൻകർ ദ്വിവേദി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കഴിഞ്ഞ 22നാണ് മധ്യപ്രദേശിൽ മധ്യപ്രദേശിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ക്രൂരമായി മർദ്ദിച്ചത്.
 

Latest News