Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

ഗുഢാലോചനക്കാരെ പുറത്ത് കൊണ്ട് വരാൻ പോരാടും-സി.ഒ.ടി നസീർ

വീട്ടിൽ ചികിത്സയിൽ കഴിയുന്ന സി.ഒ.ടി നസീർ

തലശ്ശേരി- തന്നെ വധിക്കാൻ ഗുഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ സി.ബി.ഐ അന്വേഷണം വേണമെങ്കിൽ ആ വഴിക്കും നീങ്ങുമെന്ന് അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സി.ഒ.ടി നസീർ പറഞ്ഞു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ പിടികൂടി പോലീസ് അന്വേഷണം നിർത്തുകയാണെങ്കിൽ വെറുതെ ഇരിക്കില്ലെന്നും ഗുഢാലോനക്ക് നേതൃത്വം നൽകിയ യുവ ജനപ്രതിനിധിയെ കൂടി നിയമത്തിന ്മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങി നൽകാൻ സി.ബി.ഐ അന്വേഷണം തന്നെ ആവശ്യപ്പെടുമെന്നും നസീർ മലയാളം ന്യൂസിനോട് പറഞ്ഞു. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയതായിരുന്നു നസീർ.
തന്നെ അക്രമിക്കാൻ ക്വട്ടേഷൻ  നൽകിയത് സി.പി.എം തലശ്ശേരി ടൗൺ, തലശ്ശരി നോർത്ത് ലോക്കൽ കമ്മറ്റിയംഗങ്ങളായ ചിലരാണെന്നും തന്നെ അക്രമിച്ച പ്രതികൾ സംഭവത്തിന് കുറച്ച് ദിവസം മുമ്പ് ആരോപണ വിധേയനായ യുവ ജനപ്രതിനിധിക്കൊപ്പം വിവിധ സ്ഥലങ്ങളിൽ കണ്ടിരുന്നതായും നസീർ പോലീസിന് മൊഴി നൽകിയിരുന്നു. നസീറിനെ അക്രമിച്ച സംഭവത്തിൽ നേരിട്ട പങ്കെടുത്ത കതിരൂർ പൊന്ന്യം വെസ്റ്റിലെ ചേരി പുതിയ വീട്ടിൽ കെ.അശ്വന്ത്(20) അക്രമികൾക്ക് സഹായം നൽകിയ കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തൽ വീട്ടിൽ വി.കെ സോജിത്ത്(25) എന്നിവരെ പോലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിലെ ഗുഢാലോചനയിലുൾപ്പടെ ഉന്നത നേതാക്കളെ പ്രതി ചേർക്കാതെ പോലീസ് കേസ് തേയ്ച്ച് മായ്ച്ചാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെയാണ് തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിന് പങ്കുണ്ടെന്ന് നസീർ തലശ്ശേരി സി.ഐക്ക് മൊഴി നൽകിയത്. 

തനിക്ക് നേരെ അക്രമം വരാനുള്ള കാരണം ജനപ്രതിനിധി തന്നെയാണെന്ന് നസീർ പറഞ്ഞു. അക്രമം നടന്ന ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽനിന്ന് തിരുവന്തപുരത്തേക്ക് ഒരു ഫോൺ കോൾ പോകുകയും തന്നെ  അക്രമിച്ചത് ആർ.എസ്.എസ് ആണെന്ന് പറയുകയും ചെയ്തതായും നസീർ പറഞ്ഞു. തുടർന്ന് സോഷ്യൽ മീഡിയയിൽ കോൺഗ്രസ് നേതാവ് രാജീവന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും വ്യാജ വാർത്ത ചിലർ പ്രചരിപ്പിച്ചു. ഇത് ആരാണ് ചെയ്തതെന്ന് കണ്ടുപിടിച്ചാൽ തനിക്കെതിരെ നടന്ന അക്രമ കേസിലെ പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്നും നസീർ പറഞ്ഞു. ജനപ്രതിനിധിയുടെ പേര് പോലീസിന് നൽകിയിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ പേര് പോലീസ് മാധ്യമങ്ങൾക്ക് നൽകുന്നില്ലെന്നും നസീർ പറഞ്ഞു.
മെയ് 18ന് രാത്രി 7.30 മണിയോടെയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റസിഡൻസിക്ക് താഴെ വെച്ച് നസീറിനെ പൾസർ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ചത.് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വെള്ളിയാഴ്ചയാണ് നസീർ വീട്ടിലെത്തിയത.് സംഭവത്തിൽ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്ന് തുടക്കം മുതൽ തലശ്ശേരി ഏരിയാ കമ്മറ്റിയും സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. കേസിൽ പാർട്ടി ഇടപെടില്ലെന്ന തുറന്ന സമീപനമാണ് തലശ്ശേരി ഏരിയാ കമ്മറ്റി കൈക്കൊണ്ടിട്ടുള്ളത്. എത്ര ഉന്നതനായാലും പോലീസിന് അന്വേഷണം നടത്തി പ്രതികളെ പിടിക്കാനുള്ള സ്വാതന്ത്രമാണ് പാർട്ടി നൽകിയിട്ടുള്ളത.് ഏരിയാ കമ്മറ്റി പോലും അറിയാതെ ജനപ്രതിനിധിയുടെ സ്വന്തം താൽപര്യം നടപ്പാക്കാൻ ലോക്കൽ കമ്മറ്റി അംഗങ്ങളുടെ സഹായം തേടിയെന്നാണ് പോലീസ് ഇപ്പോൾ കരുതുന്നത.് ഇതിന് ക്രിമിനിലുകളെ കൂട്ടുപിടിക്കുകയായിരുന്നു. സംഭവം ഒരിക്കലും പുറത്ത് വരില്ലെന്നും ആരും പിടിക്കപെടില്ലെന്നും ക്വട്ടേഷൻ നൽകുമ്പോൾ ഉറപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ നസീറിനെ അക്രമിച്ച പ്രതികൾ സംഭവ ശേഷവും നാട്ടിൽ തന്നെ വിലസി നടക്കുകയായിരുന്നു. എന്നാൽ അക്രമത്തിന് സഹായം നൽകിയവരിൽ അന്വേഷണം വന്നതോടെ പ്രതികൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു.ഗുഢാലോചയിൽ അഞ്ചിലേറെ പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത.് ഇതിലുള്ളവരെല്ലാം മുങ്ങിയിരിക്കുകയാണ്.