Sorry, you need to enable JavaScript to visit this website.

രസതന്ത്രം ഗണിതത്തെ തോല്‍പിച്ചു; വന്‍ വിജയത്തെ കുറിച്ച് മോഡി

വാരാണസി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രസതന്ത്രം ഗണിതത്തെ തകര്‍ക്കുന്നതാണ് കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും നിലംപരിശാക്കിയ പൊതുതെരഞ്ഞെടുപ്പ് വിജയത്തിനുശേഷം വോട്ടര്‍മാരോട് നന്ദി പറയാനും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൂജ നടത്താനും എത്തിയതായിരുന്നു അദ്ദേഹം.
വോട്ട് ഗണിതത്തിനപ്പുറം രസതന്ത്രമുണ്ടെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധര്‍ അംഗീകരിക്കണമെന്ന് ആഹ്ലാദിക്കാന്‍ ഒത്തുചേര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകരോട് മോഡി പറഞ്ഞു. രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തിയത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലുള്ള വാരാണസി മണ്ഡലത്തില്‍ 2014 നേക്കാള്‍ ഒരു ലക്ഷം വര്‍ധിപ്പിച്ച് 4.79 ലക്ഷത്തിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് മോഡി തെരഞ്ഞെടുക്കപ്പെട്ടത്.
ഗംഗയുടെ തീരത്തുള്ള പ്രശസ്ത കാശി വിശ്വനാഥ ക്ഷേത്രത്തില്‍ അദ്ദേഹം പൂജ നടത്തി. ക്ഷേത്രത്തിനകത്തെ പ്രധാനമന്ത്രിയുടെ പ്രാര്‍ഥന പുറമെയുള്ളവര്‍ക്ക് കാണാന്‍ എല്‍.ഇ.ഡി സ്‌ക്രീന്‍ ഒരുക്കിയിരുന്നു. റോഡ് മാര്‍ഗം ക്ഷേത്രത്തിലെത്തിയ മോഡിയോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുണ്ടായിരുന്നു.

2014 ലെ ലോക്ഭാ തെരഞ്ഞെടുപ്പിലെ പോലെ ഇക്കുറിയും പ്രധാനമന്ത്രി ഇവിടെ പൂജ നടത്താനെത്തിയത് തങ്ങളുടെ ഭാഗ്യമാണെന്ന് മുഖ്യ പൂജാരി ആചാര്യ അശോക് ദ്വിവേദി വാര്‍ത്താ ലേഖകരോട് പറഞ്ഞു. വിശ്വനാഥ് ബാബയുടെ ഏറ്റവും വലിയ ആരാധകനാണ് മോഡി. കര്‍മങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് ദൈവത്തിനു സമര്‍പ്പിച്ച അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഭക്തിയുടെ കണ്ണീര്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, വാരാണസിയില്‍ വിമാനത്തില്‍ വന്നിറങ്ങിയ മോഡിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്രത്തിലേക്കുള്ള പാതയുടെ വശങ്ങളില്‍ മോഡിയെ കാണാന്‍ ജനങ്ങള്‍ കാത്തുനിന്നിരുന്നു.

രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭ 30നു വൈകിട്ട് 7നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു മുന്നോടിയായാണു അദ്ദേഹത്തിന്റെ വാരാണസി സന്ദര്‍ശനം.

 

Latest News