മുംബൈ- സീനിയര്‍ ഡോക്ടര്‍മാര്‍ ജാതി പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 23 കാരി ഡോക്ടര്‍ ജീവനൊടുക്കി. ബിവൈഎല്‍ നായര്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡോക്ടറായിരുന്ന പായല്‍ സല്‍മാന്‍ ടാഡ്‌വിയുടെ മരണത്തിനു കാരണം മുതിര്‍ന്ന ഡോക്ടര്‍മാരുടെ അധിക്ഷേപമാണെന്ന് പായലിന്റെ മാതാവാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ 22-നാണ് ആശുപത്രിയിലെ സ്വന്തം മുറിയില്‍ പായല്‍ ജീവനൊടുക്കിയത്.
ഡോക്ടറെ മാനസികമായി പീഡിപ്പിച്ചുവെന്ന് പറയുന്ന മൂന്ന് ഡോക്ടര്‍മാര്‍ ഒളിവിലാണ്. ഹേമ അഹുജ, ഭക്തി മെഹര്‍, അങ്കിത ഖാണ്ഡില്‍ വാല്‍ എന്നിവരുടെ അംഗത്വം മഹരാഷ്ട്ര റെഡിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ റദ്ദാക്കി.
മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ലെന്ന് കാന്‍സര്‍ രോഗിയായ ഡോ.പായലിന്റെ അമ്മ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍ പെടുന്ന മകളെ മൂന്ന് ഡോക്ടര്‍മാരും ജാതി പറഞ്ഞ് ശല്യം ചെയ്യാറുണ്ടെന്ന് ഫോണ്‍ ചെയ്യുമ്പോഴെല്ലാം പറയാറുണ്ടെന്ന് അവര്‍ പറഞ്ഞു.






