ഖാര്‍ത്തും- സുഡാനില്‍ പ്രക്ഷോഭ രംഗത്തുള്ള പ്രതിപക്ഷ കൂട്ടായ്മയില്‍ ഭിന്നത. പട്ടാളവുമായുളള ചര്‍ച്ച സ്തംഭിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ ഉമ്മ പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. സ്വാതന്ത്ര്യത്തിനും മാറ്റത്തിനുമായുള്ള പൊതുവേദിയിലെ ഏതാനും സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന പണിമുടക്കില്‍നിന്ന് അല്‍ ഉമ്മ പാര്‍ട്ടിയുടെ പിന്മാറ്റം പ്രക്ഷോഭ നേതാക്കള്‍ക്കിടയിലുളള ഭിന്നതയാണ് പ്രകടമാക്കുന്നത്. എല്ലാവരും അംഗീകരിച്ച ശേഷം ആരംഭിക്കേണ്ടതാണ് പൊതുപണിമുടക്കെന്ന് മുന്‍ പ്രധാനമന്ത്രി സാദിഖ് അല്‍ മഹ്്ദി നേതൃത്വം നല്‍കുന്ന ഉമ്മ പാര്‍ട്ടി വ്യക്തമാക്കി. പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന നേതാക്കളുടെ സമിതിയായിരിക്കണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. സമിതി രൂപീകരണം തിങ്കളാഴ്ച നടക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
മഹ്ദി നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാരിനെയാണ് 1989 ല്‍ നടന്ന അട്ടിമറിയില്‍ ഉമര്‍ ബശീര്‍ പുറത്താക്കിയിരുന്നത്.
ബശീറിനെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ച സൈന്യത്തെ പ്രകോപിപ്പിക്കരുതെന്ന് ഈയിടെ സാദിഖ് അല്‍ മഹ്ദി ആവശ്യപ്പെട്ടിരുന്നു.