കൊളംബോ- ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ 258 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണം ആസൂത്രണം ചെയ്തുവെന്ന് സംശയിക്കുന്ന ഇസ്്‌ലാമിക സംഘടനയുടെ അവശേഷിക്കുന്ന പ്രവര്‍ത്തകര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു. നാലു ദിവസത്തെ തിരച്ചിലില്‍ പല കുറ്റങ്ങള്‍ക്കായി നൂറോളം പേരെ പിടികൂടിയിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച തിരച്ചിലിനു മുന്നോടിയായി തലസ്ഥാനമായ കൊളംബോയിലും മറ്റു പട്ടണങ്ങളിലും 3000 സൈനികരെ വിന്യസിച്ചിരുന്നു. ഇവരാണ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യമൂന്നു ദിവസങ്ങളില്‍ സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത 87 പേരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസിനു കൈമാറി. മൊത്തം പിടിയിലായവരുടെ എണ്ണം നൂറോളം വരുമെന്നും ഭൂരിഭാഗം പേരും അനധികൃത ആയുധങ്ങളും മയക്കുമരുന്നും കൈവശം വെച്ചതിനാണ് അറസ്റ്റിലായതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
ഏപ്രില്‍ 21 ന് ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് കരുതുന്ന നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ വീഡിയോ അടക്കമുള്ള പ്രചാരണ സാമഗ്രികളുമായി ഏതാനും പേര്‍ പിടിയിലായിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഭീകര സംഘടനയും ഏറ്റെടുത്തിരുന്നു.
ഞായറാഴ്ച തലസ്ഥാനമായ കൊളംബോയിലെ വിവിധ കേന്ദ്രങ്ങളില്‍ സൈന്യം റെയ്ഡ് നടത്തി. കഴിഞ്ഞ മാസം ഒരാള്‍ കൊല്ലപ്പെടുകയും മുസ്്‌ലിംകളുടെ നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങളും പള്ളികളും തകര്‍ക്കുകയും ചെയ്ത മുസ്്‌ലിം വിരുദ്ധ കലാപം നടന്ന വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലും കൊളംബോയുടെ വടക്കന്‍ പ്രദേശങ്ങളിലും ഇതു പോലെ റെയ്ഡുകള്‍ നടത്തിയിരുന്നു. ചാവേര്‍ ആകമണവുമായി ബന്ധപ്പെട്ടും മുസ്്‌ലിം വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടും നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ഭീകരരില്‍നിന്ന് നിലവില്‍ ആക്രമണ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ചാവേര്‍ ആക്രമണത്തിനു ശേഷം രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് മൈത്രിപാല സിരിസേന 30 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പു വരുത്താനാണ് അടിയന്തരാവസ്ഥ നീട്ടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ജനസംഖ്യയുടെ പത്ത് ശമാനം മുസ്്‌ലിംകളും 7.6 ശതമാനം ക്രൈസ്തവരുമാണ്.