മോഡിയുടെ ആദ്യ വിദേശ യാത്ര മാലദ്വീപിലേക്ക് 

ന്യൂദല്‍ഹി-രണ്ടാംതവണയും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്രമോഡി സത്യപ്രതിജ്ഞയ്ക്ക് ശേഷം ജൂണ്‍ പകുതിയോടെ ആദ്യ വിദേശ പര്യടനം നടത്തുമെന്ന് റിപ്പോര്‍ട്ട്. രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷം ആദ്യം സന്ദര്‍ശിക്കുക മാലദ്വീപ് ആയിരിക്കുമെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ജൂണ്‍ ആദ്യം തന്നെ മോഡി മാലദ്വീപില്‍ എത്തുമെന്നാണ് വിവിധ മാലദ്വീപ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് മോഡി മാലദ്വീപില്‍ സന്ദര്‍ശനം നടത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോഡിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനം അറിയിച്ചിരുന്നു.

Latest News