കൊല്ലപ്പെട്ട സഹായിയുടെ ശവമഞ്ചമേറ്റി സ്മൃതി ഇറാനി അമേഠിയില്‍

അമേഠി- അജ്ഞാതരുടെ വെടിയേറ്റു മരിച്ച അമേഠിയിലെ തന്റെ സഹായിയുടെ ശവമഞ്ചമേറ്റാന്‍ സ്മൃതി ഇറാന് എംപി മണ്ഡലത്തിലെത്തി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ ഇറാനി തനിക്കു വേണ്ടി പ്രചാരണ രംഗത്ത് സജീവമായുണ്ടായിരുന്ന സഹായിയും ബറോലിയയിലെ മുന്‍ ഗ്രാമമുഖ്യനുമായിരുന്ന സുരേന്ദ്ര സിങിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാണ് അമേഠിയിലെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് വീട്ടിനുള്ളില്‍ ആക്രമികളുടെ വെടിയേറ്റു മരിച്ചത്. കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷം സ്മൃതി വിലാപയാത്രയില്‍ ശവമഞ്ചം ചുമലിലേറ്റുകയും ചെയ്തു.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. എന്നാല്‍ രാഷ്ട്രീയ വൈരത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് നാട്ടുകാരും പറയുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ ബറോലിയയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും യുപി ഡിജിപി ഒ.പി സിങ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
 

Latest News