മമതയ്ക്ക് പുതിയ തലവേദന; കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്

കൊല്‍ക്കത്ത- തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് തിരിച്ചടി നേരിട്ടതിനു പിന്നാലെ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് പുതിയ തലവേദനയായി സിബിഐ നീക്കം. ശാരദ ചിട്ടി കുംഭകോണ കേസുമായി ബന്ധപ്പെട്ട് മമതയുമായി ഏറെ അടുപ്പമുള്ള ഐപിഎസ് ഉദ്യോഗസ്ഥനും കൊല്‍ക്കത്ത മുന്‍ കമ്മീഷണറുമായ രാജീവ് കുമാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്നാണ് സിബിഐ നിലപാട്. നേരത്തെ ചോദ്യം ചെയ്യാനായി രാജീവ് കുമാറിനെ സിബിഐ വിളിച്ചുവരുത്തിയിരുന്നെങ്കിലും രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ മമത കേന്ദ്രസര്‍ക്കാരുമായി തുറന്ന പോര് നടത്തിയുന്നു.

രാജീവ് കുമാര്‍ വിദേശത്തേക്ക് കടക്കുന്നത് തടയാന്‍ മേയ് 23നാണ് സിബിഐ എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയത്. ചിട്ടി കുംഭകോണ കേസില്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ ഉത്തരവ് നേരത്തെ സുപ്രീം കോടതി പിന്‍വലിച്ചിരുന്നു. ഇതോടെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സിബിഐക്കു മുമ്പിലെ തടസം നീങ്ങി. എന്നാല്‍ ഇതുവരെ അദ്ദേഹത്തെ പിടികൂടാനായിട്ടില്ല.

കേസില്‍ രാജീസ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് സിബിഐക്ക് നിയമപരമായുള്ള ഏതു നടപടി സ്വീകരിക്കാനും സുപ്രീം കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

ഈ കുംഭകോണ കേസ് ആദ്യമന്വേഷിച്ച രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തെളിവുകള്‍ നശിപ്പിച്ചതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. തെളിവുനശിപ്പിക്ാകന്‍ ശ്രമിച്ചതിന് രാജീവ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സിബിഐ പറയുന്നു. മമത സര്‍ക്കാരാണ് രാജീവ് കുമാറിനെ തലവനാക്കി ചിട്ടി കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. എന്നാല്‍ അന്വേഷണം പിന്നീട് സുപ്രീം കോടതിയാണ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടത്.
 

Latest News