Sorry, you need to enable JavaScript to visit this website.

മക്കളെ 'തള്ളിക്കയറ്റിയ' മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുലിന് അമര്‍ഷം

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയം കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര പ്രതിസന്ധിയുണ്ടാക്കിയെന്ന് സൂചന. പരാജയം വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ പദവി രാജിവയ്ക്കാന്‍ തയാറായ രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാക്കളോടുള്ള അമര്‍ഷം തുറന്നു പറഞ്ഞതായാണ് റിപോര്‍ട്ടുകള്‍. സ്വന്തം മക്കളെ മത്സരിപ്പിക്കാന്‍ തള്ളിക്കയറ്റിയ മുതിര്‍ന്ന നേതാക്കളെ ഉന്നമിട്ട് കടുത്ത ഭാഷയിലാണ് നാലു മണിക്കൂര്‍ നീണ്ട യോഗത്തില്‍ രാഹുല്‍ സംസാരിച്ചത്. എന്നാല്‍ ആരുടേയും പേരെടുത്തു പറഞ്ഞില്ല. 

മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ജോധ്പൂര്‍ മണ്ഡലത്തില്‍ 2.7 ലക്ഷത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമന്‍നാഥിന്റെ മകന്‍ നകുല്‍ നാഥ് ഛിന്ദ്വാര മണ്ഡലത്തിലും മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗയിലും ജയിച്ചിരുന്നു.

പാര്‍ട്ടിയുടെ പ്രാദേശിക നേതൃനിര ശക്തിപ്പെടുത്തി എടുക്കേണ്ടതിന്റെ ആവശ്യകത ജ്യോതിരാദിത്യ സിന്ധ്യ എടുത്തു പറഞ്ഞതാണ് മുതിര്‍ന്ന നേതാക്കളുടെ നീക്കങ്ങള്‍ക്കെതിരെ പറയാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ പാര്‍ട്ടി ശക്തി കേന്ദ്രമായ ഗുണ മണ്ഡലത്തില്‍ സിന്ധ്യ തോറ്റിരുന്നു. 

കഴിഞ്ഞ ഡിസംബറില്‍ അധികാരം തിരിച്ചുപിടിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മാസങ്ങള്‍ക്കു ശേഷം പാര്‍ട്ടി വന്‍ പരാജയം ഏറ്റുവാങ്ങിയതിനു പിന്നില്‍ കോണ്‍ഗ്രസിനുള്ളിലെ പോരും അമിത ആത്മവിശ്വാസവുമാണെന്നാണ് വിലയിരുത്തല്‍.

ഈ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒന്നര വര്‍ഷത്തിനു ശേഷം ഉപേക്ഷിക്കുകയാണെന്ന് രാഹുല്‍ 52 അംഗ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ പ്രഖ്യാപിച്ചത്. ഇത് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം തള്ളിക്കളഞ്ഞെങ്കിലും പദവി രാജിവെക്കാനുള്ള തീരുമാനത്തിലാണ് രാഹുലെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താന്‍ എങ്ങോട്ടും പോകുന്നില്ലെന്നും പാര്‍ട്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
 

Latest News