പട്‌ന- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി രമേശ് കുമാര്‍ ശര്‍മയ്ക്ക് കെട്ടിവെച്ച കാശ് പോയി. 1,107 കോടിയിലേറെ രൂപയുടെ ആസ്തിയുള്ള ശര്‍മ ബിഹാറിലെ പാടലിപുത്ര മണ്ഡലത്തിലാണ് മത്സരിച്ചത്. ആകെ ലഭിച്ചത് 1,558 വോട്ടുകള്‍ മാത്രം. അതായത് 0.14 ശതമാനം വോട്ട്. 26 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്ന ഈ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ശര്‍മ താഴെ നിന്ന് നാലാമതെത്തി. അഞ്ചു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാര്‍ത്ഥി റാം കൃപാല്‍ യാദവാണ് ഇവിടെ ജയിച്ചത്. മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദിന്റെ മകളും ആര്‍ജെഡി സ്ഥാനാര്‍ത്ഥിയുമായ മിശ ഭാരതിയെയാണ് യാദവ് തോല്‍പ്പിച്ചത്.
ഇത്തവണ മത്സരിച്ച അഞ്ച് അതി സമ്പന്ന സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ ജയിച്ചു. ഇവരില്‍ ശര്‍മ ഒഴികെ മറ്റെല്ലാവരും കോണ്‍ഗ്രസുകാരാണ്. തെലങ്കാനയിലെ ചെവെല്ല മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോണ്ഡ വിശ്വേശ്വര്‍ റെഡ്ഢിയാണ് സമ്പന്നരില്‍ ണ്ടാമന്‍. 895 കോടി രൂപയുടെ ആസ്തിയുണ്ട്. ടിആര്‍എസിനോട് തോറ്റു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ് ആണ് മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്ന സ്ഥാനാര്‍ത്ഥി. 660 കോടിയുടെ ആസ്തിയുണ്ട് നകുലിന്. ഛിന്ദ്വാര മണ്ഡലത്തില്‍ 35,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് നകുല്‍ ജയിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി മണ്ഡലത്തില്‍ മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച കോണ്‍ഗ്രസിന്റെ വസന്തകുമാര്‍ എച് ആണ് സമ്പന്നരില്‍ നാലാമന്‍. 417 കോടി രൂപയുടെ ആസ്തിയുണ്ട്. 374 കോടി രൂപയുടെ ആസ്തിയുള്ള കോണ്‍ഗ്രസിന്റെ ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ച സമ്പന്നരില്‍ അഞ്ചാമനാണ്. സിന്ധ്യയും തോറ്റു.