Sorry, you need to enable JavaScript to visit this website.

കുട്ടികൾക്കെതിരായ അതിക്രമം ചെറുക്കാനുള്ള സൗദിയുടെ നിർദേശത്തിന് യു.എൻ അംഗീകാരം  

റിയാദ്-/വിയന്ന- കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് സൗദി അറേബ്യ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് യു.എൻ അംഗീകാരം. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ സമാപിച്ച ഐക്യരാഷ്ട്ര സഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ക്രൈം പ്രിവൻഷൻ ആന്റ് ക്രിമിനൽ ജസ്റ്റിസ് സമിതിയുടെ 28- ാമത് യോഗത്തിലാണ് സൗദി അറേബ്യ ഉന്നയിച്ച ആവശ്യങ്ങൾ  അംഗീകരിച്ചത്.

കുട്ടികളെ ദേഹോപദ്രവം ഏൽപിക്കുന്നതും ഇന്റർനെറ്റ് വഴി ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഫലപ്രദമായി ചെറുക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ യോജിച്ച ശ്രമങ്ങളുണ്ടാവണം. പൊതുസമൂഹത്തിനിടയിൽ ബോധവൽക്കരണം ശക്തമാക്കാൻ ഉപയുക്തമായ വിവരങ്ങൾ അംഗരാജ്യങ്ങൾ കൈമാറുന്നത് കുട്ടികളുടെ അവകാശങ്ങൾ ഒരു പരിധി വരെ സംരക്ഷിക്കാൻ സഹായകമാകുമെന്ന് സൗദി അറേബ്യ ചൂണ്ടിക്കാട്ടി. 

വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്ന നിലക്ക് വ്യക്തികളിൽ തീവ്രവാദ ചിന്ത വളർത്തുന്നതും അവരെ ആയുധവൽക്കരിക്കുന്നതും തടയാൻ ആഗോള തലത്തിൽ ദൗത്യങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ കൂടുതൽ കാര്യക്ഷമമായി തടയുന്നതിന് ഓരോ രാജ്യങ്ങളിലെയും നിയമവകുപ്പുകൾ പുനർനിർമിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും സാങ്കേതിക വിദ്യകളും അനുഭവ സമ്പത്തും പരസ്പരം കൈമാറാൻ ധാരണയുണ്ടാവണം. ജപ്പാനിലെ ക്യോട്ടോയിൽ നടക്കുന്ന അടുത്ത സമ്മേളനം, കുറ്റകൃത്യങ്ങൾ പരമാവധി ഇല്ലാതെയാക്കുന്നതിന് ക്രിമിനൽ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനെ കുറിച്ച് സഗൗരവം പരിഗണിക്കണമെന്നും സൗദി അറേബ്യ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ, അന്താരാഷ്ട്ര സഹകരണ വിഭാഗം മേധാവി ഡോ. അബ്ദുല്ല ബിൻ ഫഖ്‌രി അൽഅൻസാരിയാണ് സൗദി പ്രതിനിധി സംഘത്തെ നയിച്ചത്. 


ലോകരാജ്യങ്ങളുടെ സുരക്ഷക്കും സമാധാനത്തിനും ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഭീകരവാദമെന്നും ഇതിനെ ഒറ്റക്കെട്ടായി എതിർക്കേണ്ടത് നിർബന്ധ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. സൈബർ ചതിക്കുഴിയിലൂടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ കുരുന്നുകൾക്ക് പിന്തുണ നൽകുന്നതിന്റെ ആവശ്യകത ഡോ. അബ്ദുല്ല അൽഅൻസാരി യോഗത്തിൽ വിശദീകരിച്ചു. സൗദി അറേബ്യ ഉന്നയിച്ച ആവശ്യങ്ങൾ അതീവ പ്രാധാന്യത്തോടെ പരിഗണിക്കാൻ ക്രൈം പ്രിവൻഷൻ ആന്റ് ക്രിമിനൽ ജസ്റ്റിസ് സമിതി തീരുമാനമെടുത്തു.
 

Latest News