Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പട്ടിക്കാട് സിനിമാസ്‌റ്റൈലിൽ കുടിയൊഴിപ്പിക്കലും ഗുണ്ടാവിളയാട്ടവും 

  • സ്ത്രീകളെയടക്കം മണ്ണുമാന്തിയിൽ കോരിയെറിഞ്ഞു; വികലാംഗനായ വയോധികനെയും ഉപദ്രവിച്ചു. 
  • ഉപദ്രവിക്കുന്ന ദൃശ്യം പകർത്തിയ നാട്ടുകാരെ ഗുണ്ടകൾ പിടിച്ചുവെച്ച് ബലമായി ദൃശ്യങ്ങൾ നശിപ്പിച്ചു

തൃശൂർ- പട്ടിക്കാട് സ്വകാര്യ കൺവൻഷൻ സെന്ററിനോടു ചേർന്നുള്ള അഞ്ചുസെന്റിൽ താമസിക്കുന്ന കുടുംബത്തെ സിനിമാസ്‌റ്റൈലിൽ ഗുണ്ടകൾ ഒഴിപ്പിച്ചു. എതിർക്കാൻ വന്ന സ്ത്രീകൾ അടക്കമുള്ള വീട്ടുകാരെ ജെ.സി.ബി ഉപയോഗിച്ചു തട്ടിവീഴ്ത്തി കോരിയെറിഞ്ഞു. വീട്ടിലെ വയോധികനായ വികലാംഗനെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിവീഴ്ത്തി. ഇരച്ചുകയറിയ മണ്ണുമാന്തിയന്ത്രങ്ങൾ പറമ്പുനിരത്തി, വീട്ടിലെ കിണർ നിമിഷങ്ങൾകൊണ്ടു മൂടി. 
നിരാലംബരായ സ്ത്രീകൾ നിലവിളിക്കുന്നതും ഗുണ്ടകളുടെ പരാക്രമവും കണ്ട് കൺവൻഷൻ സെന്ററിന്റെ മുകൾ നിലയിലുണ്ടായിരുന്നവർ ഫോണിൽ ദൃശ്യങ്ങളെടുത്തു. ഇതുകണ്ട് ഇവിടെയെത്തിയ ഗുണ്ടകൾ എല്ലാവരുടെയും ഫോണുകൾ പിടിച്ചെടുത്ത് കൺവൻഷൻ സെന്ററിന്റെ ഓഫീസിൽ പിടിച്ചുവെച്ചു. ഓരോരുത്തരെയായി വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ദൃശ്യങ്ങൾ നശിപ്പിച്ചശേഷം ഫോൺ തിരിച്ചു നൽകി. ഫോൺ നൽകാത്തവരെ കഴുത്തിനു കുത്തിപ്പിടിച്ചു ബലമായി വാങ്ങി. 
അഞ്ചുസെന്റ് സ്ഥലവും കിണറും പുറത്തുനിന്നു മണ്ണും കല്ലും കൊണ്ടുവന്നിട്ടു നിരത്തിയ ശേഷമാണു പോലീസ് എത്തിയത്. സ്ഥലം ബാങ്കിൽ നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടൽ ഉടമ പറഞ്ഞതോടെ പോലീസ് വീട്ടിലെ സ്ത്രീകളെയും ഹോട്ടൽ പ്രതിനിധിയേയും സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. 
രണ്ടുകൂട്ടരും പരാതി നൽകിയിട്ടുണ്ട്. 
കോടതിവിധിയുണ്ടെങ്കിൽ പോലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നതിനു പകരം അക്രമം കാണിക്കുകയാണോയെന്നു ദൃക്‌സാക്ഷികൾ ചോദിച്ചെങ്കിലും ഇവരെയെല്ലാം ഗുണ്ടകൾ വിരട്ടുകയായിരുന്നു. 
സമീപവാസികളും ദൃക്‌സാക്ഷികളും പോലീസിനോട് അക്രമത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തി. പോലീസ് കേസെടുത്തിട്ടില്ല. രണ്ടുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പീച്ചി പോലീസ് പറഞ്ഞു. ഉപദ്രവിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും വെളിപ്പെടുത്താനാവില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തിനെതിരെ വ്യാപക ജനരോഷവും പ്രതിഷേധവുമുയർന്നിട്ടുണ്ട്.
 

Latest News