Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത; സ്ഥാനമൊഴിയാൻ സന്നദ്ധത

കൊൽക്കത്ത- ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് ബി.ജെ.പി അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് മമത ആരോപിച്ചു. തങ്ങളുടെ പരാതികൾ പരിഗണിക്കാനോ പരിഹരിക്കാനോ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായില്ലെന്നും വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.
സംസ്ഥാനത്ത് കൊണ്ടിറക്കിയ കേന്ദ്രസേന തൃണമൂൽ കോൺഗ്രസിനെതിരായി പ്രവർത്തിച്ചു. ഹിന്ദു-മുസ്‌ലിം ധ്രുവീകരണം വൻതോതിൽ സൃഷ്ടിച്ചാണ് ബി.ജെ.പി വോട്ട് നേടിയതെന്നും ഇത് തൃണമൂൽ വോട്ടുകൾ ഭിന്നിക്കാൻ ഇടയായെന്നും മമത കുറ്റപ്പെടുത്തി.
ഇന്നലെ ചേർന്ന പാർട്ടി യോഗത്തിൽ താൻ രാജിക്ക് സന്നദ്ധത അറിയിച്ചതായി മമത പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഭരിക്കാൻ തനിക്ക് കഴിയാത്ത അവസ്ഥയാണ്. കസേരയെക്കുറിച്ച് തനിക്ക് ആശങ്കയില്ല, പാർട്ടിയെക്കുറിച്ചാണ് ആശങ്ക. 
കഴിഞ്ഞ ആറ് മാസമായി താൻ അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തിൽ മുന്നോട്ടു പോകുക പ്രയാസകരമാണ്. ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ജനങ്ങൾ ധീരമായ നടപടിക്ക് തയാറായാൽ മാത്രമേ തനിക്ക് തുടരാനാകൂ. വോട്ട് വിഹിതം വർധിപ്പിക്കണം. ഇടതു പാർട്ടികളിൽനിന്നാണ് ബി.ജെ.പിക്ക് വോട്ട് ലഭിച്ചത്. ഇതാണ് കണക്കുകൾ പറയുന്നത് -മമത ചൂണ്ടിക്കാട്ടി.
ഹരിയാനയിൽനിന്നും രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമെല്ലാം ഇത്രയധികം സീറ്റുകൾ വിജയിക്കാൻ ബി.ജെ.പിക്ക് എങ്ങനെയാണ് സാധിക്കുകയെന്ന് മമത ചോദിച്ചു. ജനങ്ങൾ ഇക്കാര്യം സംസാരിക്കാൻ ഭയക്കുന്നു. എന്നാൽ തനിക്ക് ഭയമില്ല. തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് സൂചന നൽകി മമത പറഞ്ഞു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ ഇത്തവണ വൻ നേട്ടമാണ് ബി.ജെ.പി കൈവരിച്ചത്. 2014 ൽ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 18 സീറ്റ് നേടി. മമതയുടെ തൃണമൂലിന് 22 സീറ്റാണ് നേടാനായത്. 

 

Latest News