Sorry, you need to enable JavaScript to visit this website.

നുണപരിശോധന നടത്തിക്കോളൂ; നിരപരാധിയെന്ന് ജഗനെ ആക്രമിച്ച പ്രതി

അമരാവതി- വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍വെച്ച് കത്തി കൊണ്ട് മുറിവേല്‍പിച്ച സംഭവത്തിലെ പ്രതി ജാമ്യത്തിലിറങ്ങി.
വിജയവാഡയിലെ എന്‍.ഐ.എ പ്രത്യേക കോടതിയാണ് ജെ. ശ്രീനിവാസ റാവു എന്ന ശ്രീനിവാസിന് ജാമ്യം അനുവദിച്ചത്. താന്‍ ജഗന്‍ റെഡ്ഡിയെ മനഃപൂര്‍വം ആക്രമിച്ചതല്ലെന്ന് രാജമുണ്ട്രി ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശ്രീനിവാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജഗനുമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാനാണ് പോയതെന്നും കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് അബദ്ധത്തില്‍ മുറിവേല്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു. ജഗന്റെ ആരാധകനാണെന്നും സത്യം തെളിയിക്കാന്‍ നുണപരിശോധനക്ക് തയാറാണെന്നും ശ്രീനിവാസ് പറഞ്ഞു. സംഭവത്തിനുശേഷം ജനക്കൂട്ടം തന്നെ ആക്രമിച്ചപ്പോള്‍ ജഗന്‍ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്. ജഗന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയാകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ശ്രീനിവാസ് പറഞ്ഞു. പുതിയ സര്‍ക്കാര്‍ കേസ് ഒഴിവാക്കുമെന്നാണ് ശ്രീനിവാസിന്റെ കുടുംബം പ്രതീക്ഷിക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മിന്നും വിജയം നേടി രണ്ടാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. അടുത്തയാഴ്ച ജഗന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25-ന് ഹൈദരബാദിലേക്കുള്ള വിമാനം കാത്തുനില്‍ക്കുമ്പോഴാണ് ജഗന്‍ റെഡ്ഡിയെ എയര്‍പോര്‍ട്ട് കാന്റീന്‍ ജീവനക്കാരനായ ശ്രീനിവാസ് ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ റെഡ്ഡിയെ ഹൈദരാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

Latest News