ബുലന്ദ്ശഹര്‍- ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറില്‍ വെള്ളിയാഴ്ച വൈകുന്നേരം വീടിന്റെ പരിസരത്തു നിന്നും കളിക്കുന്നതനിടെ കാണാതായ മൂന്ന് കുട്ടികളെ വെടിയേറ്റു മരിച്ച നിലയില്‍ ഒരു കുഴല്‍ കിണറില്‍ കണ്ടെത്തി. അസ്മ (8), അലിബ(7), അബ്ദുല്ല (8) എന്നീ കുട്ടികളുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ സമീപ പ്രദേശത്തെ ഒരു കുഴല്‍ കിണറില്‍ നിന്നും ലഭിച്ചത്. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബം ബന്ധുക്കളാണ്. കുടുംബ ശത്രുതയാണ് ദാരുണ കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
കളിക്കുന്നതിനിടെ കാണാതായ കുട്ടികള്‍ക്കു വേണ്ടി ബന്ധുക്കള്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ബുലന്ദ്ശഹര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. കുട്ടികളുടെ വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ദോത്രി ഗ്രാമത്തിലെ ഒരു കുഴല്‍ കിണറിലായിരുന്നു മൃതദേഹങ്ങള്‍. ഇവ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് സമ്മതിച്ച ബുലന്ദ്ശഹര്‍ എസ്.എസ്.പി എന്‍ കൊലാഞ്ചി നഗര്‍ കോട്വാലി പോലീസ് സ്റ്റേഷനിലെ എസ്.എച്.ഓയേയും അദ്ദേഹത്തിന്റെ മുന്‍ഷിയേയും എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യപ്രതി എന്ന് സംശയിക്കുന്ന സല്‍മാന്‍ മാലിക് ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ നാലു സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.