പുല്‍പള്ളി-പഞ്ചായത്തിലെ കാപ്പിസെറ്റ് കന്നാരംപുഴയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വഴക്കിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചു. ബന്ധുവിനു ഗുരുതര പരിക്കേറ്റു.
കന്നാരംപുഴ കാട്ടുമാക്കേല്‍ നിധിന്‍ എന്ന വര്‍ക്കിയാണ്(34) മരിച്ചത്. നിധിന്റെ പിതൃസഹോദരന്‍ കിഷോറിനാണ്(55)പരിക്ക്. ഇദ്ദേഹത്തെ മേപ്പാടി താഴെ അരപ്പറ്റ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിധിന്റെ അയല്‍വാസി പുളിക്കല്‍ ചാര്‍ലിയെ(32)പോലീസ് അന്വേഷിച്ചുവരികയാണ്. നാടന്‍തോക്ക് കൊണ്ട് നിധിനെയും കിഷോറിനെയും വെടിവച്ചശേഷം ചാര്‍ലി കര്‍ണാടക വനത്തിലേക്കു കടന്നതായാണ് സൂചന. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നാണ് പുല്‍പള്ളിയില്‍നിന്നു ഏകദേശം ഏഴു കിലോമീറ്റര്‍ അകലെയുള്ള കന്നാരംപുഴ.
വെള്ളിയാഴ്ച രാത്രി പത്തോടെ കന്നാരംപുഴ ഗ്യാസ് ഗോഡൗണിനു സമീപമാണ് സംഭവം. കാപ്പിത്തോട്ടത്തോടു ചേര്‍ന്നു റോഡരികിലാണ് നിധിന്‍ വെടിയേറ്റു വീണത്. നിധിന്റെ ഇടതു നെഞ്ചിനും കിഷോറിന്റെ വയറിനുമാണ് വെടിയേറ്റത്. പ്രദേശവാസികള്‍ പുല്‍പള്ളിയിലെയും തുടര്‍ന്നു ബത്തേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിധിന്‍ മരിച്ചു. നിധിന്റെയും ചാര്‍ലിയുടെയും കുടുംബങ്ങള്‍ക്കിടയില്‍ ദീര്‍ഘകാലമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സമീപകാലത്തു വീട്ടുകാര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടാണ് ഒതുക്കിയത്.
മാനന്തവാടി എ.എസ.്പി വൈഭവ് സക്‌സേന, പുല്‍പള്ളി സി.ഐ ഇ.പി. സുരേശന്‍, എസ്.ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചാര്‍ലിയെ പിടികൂടുന്നതിനുള്ള പോലീസ് നീക്കം. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തു പരിശോധന നടത്തി. തോക്ക് കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു. ചാര്‍ലി വനത്തില്‍ മൃഗവേട്ട നടത്താറുണ്ടെന്നാണ് പ്രദേശവാസികളില്‍നിന്നു പോലീസിനു ലഭിച്ച സൂചന.
കന്നാരംപുഴ കാട്ടുമാക്കേല്‍ പദ്മനാഭന്‍-സരോജിനി ദമ്പതികളുടെ മകനാണ് ബസ്-ടിപ്പര്‍-ടാക്‌സി ഡ്രൈവറായ നിധിന്‍. ആതിരയാണ് ഭാര്യ. മകള്‍: യാമി.






