Sorry, you need to enable JavaScript to visit this website.

പ്ലസ്‌ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു  കൊന്ന കേസ്, പ്രതിക്ക് ജീവപര്യന്തം 

കൊല്ലം- പ്ലസ്‌വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും. പുനലൂർ പിറവന്തൂർ വെട്ടിത്തിട്ട നല്ലംകുളം പരുമൂട്ടിൽവീട്ടിൽ ബിജു-ബീന ദമ്പതികളുടെ മകൾ പ്ലസ് വൺ വിദ്യാർഥിനിയായ റിൻസി ബിജു (മുത്ത് 16)വിനെ ലൈംഗിക പീഡനത്തിനു ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ഓട്ടോറിക്ഷാ ഡ്രൈവറും
സമീപവാസിയുമായ ചീവോടുതടത്തിൽ വീട്ടിൽ സുനിൽകുമാറി(44)നാണ് ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി 43 വർഷം തടവ് ശിക്ഷയും അനുഭവിക്കണം. 
പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 2017 ജൂലൈ 29നാണ്. 
പത്തനംതിട്ട കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. സംഭവദിവസം പുലർച്ചെ ആറോടെ മാതാവ് ബീനയാണു കിടപ്പുമുറിയിലെ നിലത്തു മരിച്ച നിലയിൽ റിൻസിയെ കണ്ടെത്തിയത്. കഴുത്തിന്റെ ഭാഗത്തു കത്തികൊണ്ടു വരഞ്ഞനിലയിൽ ചോരയും കണ്ണിന്റെ പുരികത്തു ചോരപ്പാടും മുഖത്തു മുറിവുകളും ഉണ്ടായിരുന്നു. കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വർണമാലയും നഷ്ടപ്പെട്ടിരുന്നു. 
പ്രാഥമിക പരിശോധനയിൽ ദുരൂഹത തോന്നിയ പുനലൂർ എസ്.ഐ രാജീവ്  ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സിറ്റി പോലീസ് കമ്മിഷണർ അജിതാബീഗം, പുനലൂർ ഡിവൈ.എസ്.പി. ബി.കൃഷ്ണകുമാർ, സി.ഐ ബിനുവർഗീസ് എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. 
പെൺകുട്ടിയുടെ പിതാവടക്കം സംശയത്തിന്റെ നിഴലിലായ കേസ് ഏറെ കോളിളക്കമുണ്ടാക്കി. പോലീസിന്റെ അന്വേഷണത്തിൽ അനാസ്ഥ ആരോപിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ രംഗത്തു വരികയും ചെയ്തു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും തെളിയിക്കാൻ കഴിയാതെ വന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് കേസ് എറ്റെടുത്തു. തുടർന്ന് 2018 ജൂൺ 20ന് പ്രതിയെ പിടികൂടി. ഡി.എൻ.എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. 
ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് ഇ ബൈജുവാണ്  വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീ. ഗവ. പ്ലീഡർ കെ.പി ജബ്ബാർ, സ്‌പെഷൽ പ്രോസിക്യൂട്ടർ ജി സുഹോത്രൻ, അഡ്വ. അമ്പിളി ജബ്ബാർ, അഡ്വ. പി.ബി സുനിൽ എന്നിവർ ഹാജരായി. 
വിധിയിൽ ഏറെ സന്തോഷമുണ്ടെന്നും സംശയത്തിന്റെ നിഴലിലായിരുന്ന തന്റെ നിരപരാധിത്വമാണ് ഇതോടെ തെളിയിക്കപ്പെട്ടതെന്നും പെൺകുട്ടിയുടെ പിതാവ് ബിജു പറഞ്ഞു. വധശിക്ഷയാണ് ആഗ്രഹിച്ചതെങ്കിലും വിധിയിൽ തൃപ്തിയുണ്ടെന്ന് മാതാവ് ബീനയും പറഞ്ഞു.


 

Latest News