ജിദ്ദ- സുഡാൻ ഇടക്കാല ഭരണസമിതി ഡെപ്യൂട്ടി പ്രസിഡന്റ് ജനറൽ മുഹമ്മദ് ഹംദാൻ ദഗാലു കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, സുഡാൻ സൈനിക കൗൺസിൽ വക്താവ് ജനറൽ ശംസുദ്ദീൻ കബ്ബാശി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. കിരീടാവകാശിയുമായുള്ള ചർച്ചക്കു ശേഷം സുഡാൻ നേതാക്കൾ സ്വദേശത്തേക്ക് മടങ്ങി.
സുഡാൻ പ്രസിഡന്റ് ഉമർ അൽ ബശീറിനെ അധികാര ഭ്രഷ്ടനാക്കുന്നതിലേക്ക് നയിച്ച ജനകീയ പ്രതിഷേധത്തിനു പിന്നാലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് സൗദി അറേബ്യയും യു.എ.ഇയും സുഡാന് 300 കോടി ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ ഗഢുവെന്നോണം കഴിഞ്ഞ ഞായറാഴ്ച സൗദി അറേബ്യയും യു.എ.ഇയും സുഡാൻ കേന്ദ്ര ബാങ്കിൽ 50 കോടി ഡോളർ നിക്ഷേപിക്കുകയും ചെയ്തു. അവശേഷിക്കുന്ന തുക സുഡാൻ ജനതക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും ഇന്ധനവും ലഭ്യമാക്കുന്നതിന് വിനിയോഗിക്കും.
സിറിയയിലേക്കുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക ദൂതൻ ജെയിംഗ് ജെഫ്രിയുമായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞ ദിവസം ചർച്ച നടത്തി. ഉഭയകക്ഷി ബന്ധവും മേഖലയിലെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചക്കിടെ നേതാക്കൾ വിശകലനം ചെയ്തു. സഹമന്ത്രി ഡോ.മുസാഅദ് അൽഈബാൻ, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, റിയാദിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.