ന്യൂദൽഹി- ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ അടുത്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചർച്ചകൾ ഇന്നലെ നടന്ന മുൻ സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ തുടങ്ങി. കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി പുതിയ സർക്കാരിലുണ്ടാവില്ലെന്നും ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ രണ്ടാം മോഡി സർക്കാരിൽ സുപ്രധാന വകുപ്പിൽ മന്ത്രിയായി ചുമതലയേൽക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
മുന്നൂറിലധികം സീറ്റുകൾ ഒറ്റയ്ക്ക് കരസ്ഥമാക്കിയ സാഹചര്യത്തിൽ കഴിഞ്ഞ തവണത്തേതു പോലെ തന്നെ ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം എന്നി സുപ്രധാന വകുപ്പുകൾ ബി.ജെ.പി തന്നെ കൈകാര്യം ചെയ്യും. ആരോഗ്യ സ്ഥിതി മോശമായി തുടരുന്നതിനാലാണ് അരുൺ ജയ്റ്റ്‌ലി ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്നു നേതാക്കൾ പറയുന്നത്. ഈ സാഹചര്യത്തിൽ അരുൺ ജയ്റ്റ്‌ലിക്കു പകരം കഴിഞ്ഞ തവണ ധനമന്ത്രിയുടെ ചുമതല നിർവഹിച്ച പിയൂഷ് ഗോയൽ ധനമന്ത്രിയാകും. അതേസമയം, രണ്ട് തവണ പാർട്ടി അധ്യക്ഷ പദവിയിലിരുന്ന അമിത് ഷാ മന്ത്രിസഭയിലേക്കെത്തിയാൽ അദ്ദേഹത്തിനു ധനം, ആഭ്യന്തരം, പ്രതിരോധം എന്നീ ഏതെങ്കിലും സുപ്രധാന വകുപ്പുകൾ നൽകിയേക്കും.
അമിത് ഷാ മന്ത്രിസഭയിലെത്തുന്നത് രണ്ടാമൻ എന്ന പദവിയോടെയാവും എന്നാണ് റിപ്പോർട്ടുകൾ. അത്തരമൊരു നീക്കമുണ്ടായാൽ മുതിർന്ന മന്ത്രിയും നിലവിൽ മന്ത്രിസഭയിലെ രണ്ടാമനുമായ രാജ്‌നാഥ് സിംഗിനെ പ്രതിരോധ മന്ത്രിയാക്കിയേക്കും. അമിത് ഷാ മന്ത്രിസഭയിലെത്തിയാൽ പ്രതിരോധ മന്ത്രിയായിരുന്ന നിർമല സീതാരാമനെ ബി.ജെ.പി അധ്യക്ഷയാക്കിയേക്കുമെന്നും സൂചനയുണ്ട്. വിദേശകാര്യ മന്ത്രി എന്ന നിലയിൽ പേരെടുത്ത സുഷമ സ്വരാജിനും ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരിക്കും മാറ്റമുണ്ടാകാനിടയില്ല. മുതിർന്ന നേതാക്കളിൽ രവിശങ്കർ പ്രസാദിനു വകുപ്പ് മാറ്റമുണ്ടാകും. നിയമ മന്ത്രിയെന്ന നിലയിൽ രവിശങ്കർ പ്രസാദിന്റെ പ്രവർത്തനം ശരിയായിരുന്നില്ലെന്നു നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു.
അമേത്തിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് താരമായി മാറിയ സ്മൃതി ഇറാനി പ്രധാന വകുപ്പിന്റെ ചുമതലയിലെത്തിയേക്കും. ഒന്നാം മോഡി സർക്കാരിൽ ആദ്യം മാനവവിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ പിന്നീട് ടെക്‌സ്റ്റൈൽ വകുപ്പിലേക്കു മാറ്റിയിരുന്നു. കേരളത്തിൽ നിന്നു വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഹിന്ദി മേഖലയിൽ വലിയ നേട്ടമുണ്ടാക്കാനായ സ്ഥിതിക്ക്, ഇനിയും ലക്ഷ്യമിടുന്ന ബംഗാൾ, കേരളം, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകിയേക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ചുരുക്കം ചിലർ മാത്രമേ ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യൂ എന്നാണ് പാർട്ടി നൽകുന്ന സൂചനകൾ. മോഡിയും സഖ്യകക്ഷികളിൽ നിന്നുള്ള പ്രധാനപ്പെട്ടവരും സുപ്രധാന വകുപ്പുകളിൽ എത്തുന്നവരും മാത്രമാകും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. പിന്നീടുള്ള ആദ്യ വികസനത്തിലാവും മന്ത്രിസഭയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുക.






