മുഹമ്മദ് അലിയുടെ തെരഞ്ഞെടുപ്പ് പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

കൊച്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി മലയാളി യുവാവ് നടത്തിയ പ്രവചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ചാണ് നാദാപുരം സ്വദേശി മുഹമ്മദ്  അലി പി കെ ഇപ്പോള്‍ ഏവരുടെയും കൈയ്യടി നേടുന്നത്.
ഫേസ്ബുക്കിലൂടെയായിരുന്നു അലിയുടെ പ്രവചനം. ഏപ്രില്‍ നാലാം തീയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അലി പ്രവചിച്ചിരുന്നു. പോസ്റ്റിന് താഴെ അന്ന് നിരവധി പേര്‍ എതിരഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഫലം വന്നിട്ട് കാണാം എന്ന് വെല്ലുവിളിക്കുന്നവരെ മുതല്‍ സ്വന്തം പ്രവചനങ്ങള്‍ ചുവടെ ചേര്‍ത്തവരെ വരെ കമന്റില്‍ കാണാനാകും.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വൈറലായിമാറി. ഇതിന് പിന്നാലെ ഇന്നലെ അലി മറ്റൊരു പോസ്റ്റിട്ടിരുന്നു. ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു. ബല്ലാത്തൊരു പ്രവചനം ആയിപ്പോയി എന്നായിരുന്നു അലി പോസ്റ്റിട്ടത്. അതിന് താഴെ നിരവധി പേര്‍ അലിയെ അഭിനന്ദിച്ച് രംഗത്തെത്തി. അലീ നീ മരണ മാസാണെന്നും പുലിയല്ല, പുപ്പുലിയാണെന്ന് പറഞ്ഞവരുണ്ട്. നാളെ മഴ പെയ്യുമോ, ഭാര്യ ഗര്‍ഭിണിയാണ്, കുട്ടി ഏതാണെന്ന് പറയാമോ എന്ന് ചോദിച്ചുള്ള കമന്റുകളും ഇപ്പോള്‍ പോസ്റ്റിനു താഴെ നിറയുകയാണ്.

Latest News