കോഴിക്കോട്- വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് മലയളത്തിലും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം തന്നെ രാഹുല്‍ ഇംഗ്ലീഷില്‍ ട്വീറ്റിയിരുന്നു.
'രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു' ഇതാണ് രാഹുലിന്റെ ട്വീറ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം കരസ്ഥമാക്കിയാണ് രാഹുലിന്റെ വിജയം. കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഇത്രയും ഭൂരിപക്ഷം ലഭിച്ചത് ഇതാദ്യമാണ്. 4,31,770 വോട്ടുകള്‍ക്ക് വയനാട്ടില്‍ ജയിച്ച രാഹുല്‍ അമേത്തിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.