Sorry, you need to enable JavaScript to visit this website.

ബിജെപിയുടെ ജയം ഉറപ്പിക്കാന്‍ ആര്‍എസ്എസ് അണിയറയില്‍ ചരടുവലിച്ചു; വിജയിച്ചത് ഈ പദ്ധതി

ന്യൂദല്‍ഹി- ബിജെപിയുടെ വിജയാവര്‍ത്തനം മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളാണെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനായി വിയര്‍പ്പൊഴുക്കിയ ആര്‍ എസ് എസ് വളരെ ആസൂത്രിമമായി നടത്തിയ ഒരു നീക്കം കൂടിയാണ് ഫലം കണ്ടിരിക്കുന്നത്. ഹിന്ദു വോട്ടുകളെ ബിജെപിക്ക് അനുകൂലമായി ഒരുമിച്ചുകൂട്ടുന്നതിന് ആര്‍എസ്എസ് നടത്തിയ സോഷ്യല്‍ എന്‍ജിനീയറിങ് വിജയിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചത്. ജാതിയെ അടിസ്ഥാനമാക്കിയുള്ള വോട്ടുകളുടെ ധ്രുവീകരണത്തെ മറികടക്കുക എന്നതായിരുന്നു ബിജെപിയുടെ മുന്നേറ്റത്തിന് ഭീഷണിയായിരുന്നത്. പ്രത്യേകിച്ച് ലോക്‌സഭയില്‍ ഏറ്റവും കുടുതല്‍ സീറ്റുകളുള്ള ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളില്‍ ജാതികള്‍ ഒരു വെല്ലുവളിയായിരുന്നു. എന്നാല്‍ ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇതു മറികടക്കാന്‍ ബിജെപിക്കു കഴിഞ്ഞു. 

ജാതി വോട്ടുകളുടെ കണക്കുകൂട്ടലുകളെ ആശ്രയിച്ചായിരുന്നു യുപിയിലെ എസ്.പി-ബിഎസ്പി സഖ്യം. ഇത് യുപിയില്‍ ബിജെപിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഇതായിരുന്നു വലിയ ആശങ്ക. ഇതു മുന്നില്‍ കണ്ടു നടത്തിയ നീക്കങ്ങള്‍ വിജയം കണ്ടതായി ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികളുടെ വോട്ടര്‍മാരിലുള്ള പിടിപാട് നഷ്ടപ്പെടുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന് വലിയ ആശ്വാസമായിരിക്കുന്നത്. 

ഈ തെരഞ്ഞെടുപ്പ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭാരതമെന്ന ആശയവും വ്യത്യസ്ത ജാതി, മത വിഭാഗങ്ങളുടെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഭാരതീയമല്ലാത്ത ഒരു ചിന്താധാരയും തമ്മിലുള്ള പോരാട്ടമായിരുന്നെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറയുന്നു. 

ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്നും ദളിതരേയും ആദിവാസികളേയും ബിജെപിയില്‍ നിന്ന് അകറ്റാനും ശക്തമായ ഒരു പ്രചാരണം ഇവിടെ നടന്നു. എന്നാല്‍ ബിജെപി ഇങ്ങനെ ഒരു പാര്‍ട്ടിയല്ലെന്ന് ഈ ഫലത്തോടെ ഉറപ്പിച്ചിരിക്കുകയാണെന്ന് യുപിയിലെ രു ആര്‍എസ്എസ് ഭാരവാഹി പറഞ്ഞു. 

ഈ ഭീഷണി മുന്നില്‍ കണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത നഷ്ടം നേരിട്ട മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി, ദളിത് മേഖലകളില്‍ ബിജെപിക്കു വേണ്ടി ആര്‍എസ്എസ് സജീവമായി രംഗത്തിറങ്ങി. ഇവിടങ്ങളിലെ ആദിവാസി വോട്ടുകള്‍ തിരിച്ചുപിടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ വോട്ടുകളാണ് ബിജെപിയെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായകമായത്.

രാജസ്ഥാനിലെ ഗുജ്ജാര്‍ സംവരണ പ്രതിഷേധ നേതാവ് കിരോറി സിങ് ബൈന്‍സലയെ വരുതിയിലാക്കിയപ്പോഴും ഹരിയാനയിലെ ജാട്ട് പ്രക്ഷോഭകരെ ഒതുക്കാനുള്ള നീക്കങ്ങളിലും ആര്‍എസ്എസിന്റെ പങ്ക് വ്യക്തമായിരുന്നു. ജാതിയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ക്ഷയിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ബിജെപിക്ക് അപ്രാപ്യമായിരുന്ന ഇടങ്ങളില്‍ പാര്‍ട്ടിയെ ഒരു സാധ്യതയായി കണ്ടു തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു ആര്‍എസ്എസ് നേതാവ് പറഞ്ഞു.
 

Latest News